തിരുവനന്തപുരം: കന്നുകാലി വില്‍പന നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമായാണ് അമിത് ഷാ എത്തുന്നത്. സംഘപരിവാറിന് പുറത്തുള്ളവരെ പാര്‍ട്ടിയുമായി അടുപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ശനിയാഴ്ച നഗരത്തിലെ ഒരു ഹാളില്‍ പ്രത്യേക ക്ഷണിതാക്കളുമായി അമിത് ഷാ സംസാരിക്കും. സാംസ്‌കാരിക നായകര്‍, മതസാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇതര രാഷ്ട്രീയകക്ഷികളിലെ നേതാക്കളെയും കൂടിക്കാഴ്ചക്കെത്തിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ട്.
നാളെ കൊച്ചിയിലെത്തുന്ന അമിത് ഷാ അവിടെ നടക്കുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലും എന്‍.ഡി.എ നേതൃയോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് ബൂത്തുതല യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാന ഭാരവാഹി യോഗം, ലോക്സഭാ മണ്ഡലം ചുമതലക്കാരുടെ യോഗം തുടങ്ങി പതിനേഴോളം യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബി.ജെ.പി പ്രതിനിധികള്‍ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ കരുക്കള്‍ നീക്കുന്നത്. കൂടിക്കാഴ്ചക്ക് ശ്രമിച്ചുവെങ്കിലും എന്‍.എസ്.എസ് നേതൃത്വം അനുകൂലമായി പ്രതികരിച്ചില്ല. ക്രിസ്തീയ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച സാധ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. എതിര്‍ ക്യാമ്പുകളില്‍ നിന്ന് പ്രമുഖരെ ആരെയെങ്കിലും ബി.ജെ.പിയിലെത്തിച്ച് അമിത് ഷായുടെ സന്ദര്‍ശനം ശ്രദ്ധേയമാക്കാനും സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കുകയെന്നതാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ചില നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന പ്രചരണം ഇടക്കാലത്ത് സംസ്ഥാന സംഘ്പരിവാര്‍ നേതാക്കള്‍ അഴിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് നിഷേധിച്ചതോടെ ബി.ജെ.പി നേതൃത്വം പിന്‍വാങ്ങിയിരുന്നു. ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കുന്നതിനൊപ്പം എന്‍.എസ്.എസിനെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുക എന്നതാണ് അമിത് ഷാ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബി.ജെ.പിയുമായി കൃത്യമായി അകലം പാലിക്കുന്നതാണ് പ്രധാന തടസം. ഈ സാഹചര്യത്തില്‍ ഏതുവിധേനയും എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നത്.
നിലവിലെ എന്‍.ഡി.എ സഖ്യം വിപുലീകരിക്കാനും ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. ചില ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ ജയിച്ചുകയറാമെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള പദ്ധതികളും യോഗങ്ങളില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദിയെന്ന നേതാവിനെ ഉയര്‍ത്തി കാണിച്ചു കൊണ്ടായിരിക്കും ബി.ജെ.പിയുടെ പ്രചരണങ്ങളെല്ലാം മുന്നോട്ടു പോകുക. സംസ്ഥാനത്തെ വലത്- ഇടതു മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളെ എന്‍.ഡി.എയിലേക്ക് എത്തിക്കാനാണ് ശ്രമം.
- 7 years ago
chandrika
Categories:
Views