കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം. തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബി.ജെ.പി അത് നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
എന്‍.ആര്‍.സി നടപ്പിലാകില്ലെന്നാണ് ദീദി പറയുന്നത്. അനധികൃത കുടിയേറ്റക്കാരില്‍ ഒരാള്‍പോലും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ സമുദായത്തിലെ അഭയാര്‍ത്ഥികള്‍ എന്‍.ആര്‍.സിയെ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൗരത്വ ബില്‍ ഉണ്ട്. ഈ സമുദായങ്ങളില്‍ പെട്ടവരുടെ പൗരത്വം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 19 ലക്ഷം ആളുകളാണ് രേഖകള്‍ ശരിയാക്കാത്തതിനാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് അസം ബി.ജെ.പി ഘടകത്തിന്റെയും എതിര്‍പ്പിന് കാരണമായിരുന്നു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ് രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.