അഹമ്മദാബാദ്: അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാജ്യസഭയിലേക്കള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം. പട്ടേലിനെ തോല്‍പ്പിക്കാനുള്ള അമിത്ഷായുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ട് 44വോട്ട് നേടി പട്ടേല്‍ വിജയിക്കുകയായിരുന്നു. താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ അവിടെയുണ്ടാവരുതെന്ന അമിത്ഷായുടെ ആഗ്രഹം ഇതോടെ വിഫലമാവുകയായിരുന്നു.
അമിത്ഷായുടെ എക്കാലത്തേയും എതിരാളിയായിരുന്നു കോണ്‍ഗ്രസ് നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍. സോണിയയുടെ വിശ്വസ്തന്‍ ആയതുകൊണ്ടുമാത്രമല്ല, അമിത്ഷായെ പല കേസുകളിലും കുടുക്കിയത് പട്ടേല്‍ ആണെന്നുമാണ് ഷായുടെ വിശ്വാസം. ഈ കാരണങ്ങള്‍ കൊണ്ട്തന്നെ താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ ഉണ്ടാവരുതെന്നത് ഷായുടെ വാശിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ പട്ടേല്‍ എത്തുന്നുവെന്നറിഞ്ഞതു മുതല്‍ അമിത് ഷാ രംഗത്തിറങ്ങി. ഏതുനിലക്കും പട്ടേലിനെ തോല്‍പ്പിക്കാനായിരുന്നു പദ്ധതി. വഗേലയടക്കമുള്ള കോണ്‍ഗ്രസ് വിമത നേതാക്കളെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു അമിത് ഷാ. എന്നാല്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിജയം പട്ടേലിനായിരുന്നു. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയ തെരഞ്ഞെടുപ്പ് ചൂട് ഏറെ വൈകി പുലര്‍ച്ചയോടെ അവസാനിക്കുമ്പോള്‍ രണ്ട് വോട്ടുകള്‍ റദ്ദ് ചെയ്ത നടപടിയില്‍ വിജയം പട്ടേലിനൊപ്പമെത്തി. ഇതോടെ താന്‍ രാജ്യസഭയിലെത്തുമ്പോള്‍ തന്റെ കടുത്ത രാഷ്ട്രീയ എതിരാളി അവിടെ ഉണ്ടാവരുതെന്നുള്ള അമിത് ഷായുടെ ആഗ്രഹം പൊലിയുകയായിരുന്നു.