X

അമിത്ഷായുടെ അടുത്ത ലക്ഷ്യം ഉവൈസി; ഹൈദരാബാദ് കേന്ദ്ര ഭരണ പ്രദേശമാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്‍.എസിനും കടിഞ്ഞാണിടുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ അതിശക്തമായി എതിര്‍ക്കുന്ന എംപിയാണ് ഉവൈസി.

അതേസമയം, ഇത്തരമൊരു നീക്കമുണ്ടായാല്‍ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് പ്രതിപക്ഷപാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ടി.ആര്‍.എസ്, എം.ഐ.എം നേതാക്കള്‍ ഇതിനെതിരെ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് വിവരം. ഹൈദരാബാദിനെ കാശ്മീരിനെപ്പോലെ പെട്ടെന്ന് കേന്ദ്രഭരണ പ്രദേശമാക്കുക എളുപ്പവുമല്ല. ഇത് തിരിച്ചടിയാവാന്‍ സാധ്യതയുമുണ്ട്. ബി.ജെ.പിയുടെ നീക്കം ടി.ആര്‍.എസിനും ചന്ദ്രശേഖര്‍ റാവുവിനും രാഷ്ട്രീയ കരുത്ത് വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ തെരിവിലിറങ്ങുമെന്നും ടി.എര്‍.എസ് നേതാവ് ബി വിനോദ്കുമാര്‍ പറഞ്ഞു.

നേരത്തെതന്നെ, ഉവൈസിക്കും സഹോദരന്‍ അഖ്ബറുദ്ദീന്‍ ഉവൈസിക്കുമെതിരേ നടപടി എടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദ് ലിബറേഷന്‍ ഡേ ആയ സെപ്തംബര്‍ 17 ന് അമിത്ഷാ ഹൈദരാബാദില്‍ ദേശീയ പാതാക ഉയര്‍ത്തുമെന്നാണ് ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചു തുടങ്ങിയ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കം അസാധ്യമാണെന്നും തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡി പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം കിവംദന്തിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഞങ്ങളുടെ പാര്‍ട്ടി ആദ്യം മുതല്‍ തന്നെ ഇതിനെ എതിര്‍ത്തുവരികയാണെന്നുമാണ് എം.ഐ.എം ജനറല്‍ സെക്രട്ടറി അഹമ്മദ് പാഷാ ഖാദിരിയുടെ പ്രതികരണം. ഇത്തരം ഒരു നീക്കം ബി.ജെ.പി നടത്തുകയാണെങ്കില്‍ പാര്‍ട്ടി സമര രംഗത്തിറങ്ങുമെന്നും ഹൈദരാബാദില്ലാതെ തെലുങ്കാന എന്ന സംസ്ഥാനത്തിന് പ്രസക്തിയില്ലെന്നും ഒരു മുതിര്‍ന്ന എം.ഐ.എം നേതാവ് പറഞ്ഞു.

chandrika: