X

‘സര്‍ജിക്കല്‍ സ്‌ട്രൈക്കും വ്യോമാക്രമണങ്ങളും ജനങ്ങളെ സന്തോഷിപ്പിച്ചു’; അമിത്ഷാ

ന്യൂഡല്‍ഹി: സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും ജനങ്ങള്‍ക്ക് വലിയ സന്തോഷവും ആഹ്ലാദവും പകര്‍ന്നെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ അസാധ്യ ധൈര്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എ.ഐ.എം.എ) പരിപാടിയിലായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ പ്രസംഗം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷവും ആവേശവും നല്‍കുന്നുണ്ട്, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. തെറ്റായ കണക്കുകൂട്ടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും- ഷാ പറഞ്ഞു. കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ അവര്‍ക്ക് എടുത്തു പറയാവുന്ന അഞ്ച് തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാരുകള്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു, അവര്‍ക്ക് ഇപ്പോഴും അവരെടുത്ത അഞ്ച് വലിയ തീരുമാനങ്ങള്‍ ഏതെന്ന് പറയാന്‍ കഴിയില്ല, അതേസമയം മോദി സര്‍ക്കാര്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുകയും 50 വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ജനങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് നല്ലത് മാത്രം ചെയ്യാന്‍ വേണ്ടിയാണ് പല തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ കടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തിട്ടുണ്ട്. ഒരിഞ്ച് സ്ഥലത്തിന്റെ കാര്യത്തില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അപഹാസ്യമാണെന്ന് ധാരാളം ആളുകള്‍ എന്നോട് പറഞ്ഞു. എന്നാല്‍ വ്യോമാക്രമണത്തിന് ശേഷം അവര്‍ പറഞ്ഞത് അത് ഒരു നയമാണെന്നും ഒരു സൈനികന്‍ മരിച്ചാലും അത് ഞങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നുമാണ്.

കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ചും അമിത് ഷാ വാചാലനായി. ഇത് എങ്ങനെ ചെയ്യുമെന്നായിരുന്നു ആളുകള്‍ കാലങ്ങളായി ചോദിച്ചുകൊണ്ടിരുന്നത്. ആഗസ്ത് 5 ന് പ്രധാനമന്ത്രി തീരുമാനമെടുത്തു. വെടിവെപ്പോ അക്രമമോ ഇല്ലാതെ ഞങ്ങള്‍ അവിടെ സമാധാനം പുലര്‍ത്തിയിട്ടുണ്ടെന്ന് സംതൃപ്തിയോടെ പറയാന്‍ കഴിയും. ഒരു മരണം പോലും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല- അമിത് ഷാ അവകാശപ്പെട്ടു. അതേസമയം കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ബി.ബി.സിയും വാഷിങ്ടണ്‍ പോസ്റ്റും അല്‍ജസീറയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

chandrika: