ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തെ വെല്ലുവിളിക്കുന്ന ഒരേയൊരു ഇന്ത്യ ഒരൊറ്റ ഭാഷ മുദ്രാവാക്യത്തിന് പിന്നാലെ പുതിയ വിവാദവുമായി അമിത് ഷാ. രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ ഇന്നലെ രംഗത്തുവന്നത്. മള്‍ട്ടി പാര്‍ട്ടി ജനാധിപത്യത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് അമിത് ഷായുടെ അവകാശവാദം. നമ്മുടെ രാഷ്ട്രനിര്‍മ്മാതാക്കള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ നിര്‍മ്മിക്കുന്നതിനും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്നതിനും മള്‍ട്ടി പാര്‍ട്ടി സംവിധാനം കാര്യക്ഷമമല്ലെന്നും അമിത് ഷാ പറഞ്ഞു.
ക്ഷേമരാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് മള്‍ട്ടി പാര്‍ട്ടി സംവിധാനത്തിന്റെ ലക്ഷ്യം. എല്ലാവരും തുല്യരായ, തുല്യ അവസരമുള്ള രാഷ്ട്രം സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ രാഷ്ട്ര ശില്‍പികളുടെ ലക്ഷ്യം. പക്ഷേ സ്വാതന്ത്ര്യം നേടി 70 വര്‍ഷത്തിനിപ്പുറം മള്‍ട്ടി പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം പരാജയപ്പെട്ടോയെന്ന ചോദ്യം ജനങ്ങളുടെ മനസില്‍ ഉയര്‍ന്നിരിക്കുകയാണ്. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വപ്‌നം കണ്ട ഇന്ത്യ നിര്‍മ്മിക്കാന്‍ മള്‍ട്ടി പാര്‍ട്ടി സംവിധാനം കൊണ്ട് സാധിച്ചോ?- അമിത് ഷാ ചോദിച്ചു. രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ തകര്‍ത്ത് രണ്ട് പാര്‍ട്ടി സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.