ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം പശ്ചാത്തലമുള്ള സ്ഥലങ്ങളുടെ പേര് മാറ്റുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷായുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
അമിത് ഷായുടെ പേരിലെ ‘ഷാ’ പേര്‍ഷ്യയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഇര്‍ഫാന്‍ ഹബീബ് തുറന്നടിച്ചു.
യു.പിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.
‘ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട്ക്കനുസരിച്ചാണ് ബി.ജെ.പിയുടെ നടപടികള്‍. അയല്‍ രാജ്യമായ പാകിസ്ഥാനെ പോലെ, ഇസ്‌ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും ശ്രമിക്കുന്നത്.” ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
‘ഗുജറാത്ത്’ എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യത്തെ പേര്. ബി.ജെ.പി ഈ പേരും മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പരിഹസിച്ചു.