X

അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശം; ടി.ഡി.പിയും ജെ.ഡി.യുവും നിലപാട് വ്യക്തമാക്കണം: അരവിന്ദ് കെജ്രിവാള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെയും (ടി.ഡി.പി) ജനതാദള്‍ യുണൈറ്റഡിന്റേയും (ജെ.ഡി.യു) നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍.  അമിത് ഷായ്‌ക്കെതിരെ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തില്‍ എന്‍.ഡി.എയിലെ കക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാട് എന്തെന്നറിയാന്‍ കെജ്‌രിവാള്‍ ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തിന് കത്തയക്കുകയായിരുന്നു. ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനുമാണ് കെജ്‌രിവാള്‍ കത്തയച്ചിരിക്കുന്നത്.

അംബേദ്ക്കറിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയെ അപമാനിച്ച ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും ഇതേ കുറിച്ച് നന്നായി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ കത്തയച്ചിരിക്കുന്നത്.

അംബേദ്ക്കറിനെ കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശം അനാദരവ് മാത്രമല്ല, അംബേദ്ക്കറിനോടും ഭരണഘടനയോടുമുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നതെന്നും കെജ്‌രിവാള്‍ അയച്ച കത്തില്‍ പറയുന്നു. അംബേദ്ക്കറിനെ കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശം രാജ്യത്തെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

‘ഭരണഘടനയുടെ ശില്‍പിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത അംബേദ്ക്കറിനെ കുറിച്ച് ഇത്തരമൊരു അഭിപ്രായം പറയാന്‍ ബി.ജെ.പി എങ്ങനെ ധൈര്യപ്പെട്ടു? രാജ്യത്തുടനീളമുള്ള വ്യക്തികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് ബി.ജെ.പി ഉന്നയിച്ചത്,’ കെജ്‌രിവാള്‍ പറഞ്ഞു.

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പാര്‍ലമെന്റിന് അകത്തും പുറത്തും ബി.ജെ.പിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. രാജ്യസഭയില്‍ വെച്ച് അമിത് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നും അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്.

webdesk13: