കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ബംഗാള്‍ യൂണിറ്റ് ഇക്കാര്യം പുറത്തുവിട്ടത്.
വിജയസാധ്യതയുള്ള സീറ്റ് എന്ന നിലക്കാണ് വടക്കന്‍ കൊല്‍ക്കത്ത അമിത്ഷാക്കു വേണ്ടി തെരഞ്ഞെടുത്തതെന്നാണ് ബംഗാള്‍ ഘടകം പറയുന്നത്. നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അത് തങ്ങളെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണെന്ന് ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുദീപ് ബന്ദോപാധ്യായയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് 3,43,687 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ബി.ജെപിയുടെ രാഹുല്‍ സിന്‍ഹയ്ക്ക് 2,47,461 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.