ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിട്ടത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയത്തില്‍ ശിവസേനയുമായി ചര്‍ച്ചക്കൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. സാങ്കേതികമായി മുന്നണിയിലുണ്ടെങ്കിലും ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ തുറന്നടിക്കുന്ന പാര്‍ട്ടിയാണ് ശിവസേന.
മുന്നണിയിലെ അതൃപ്തി തുറന്നടിക്കുന്ന ശിവസേനയെ അനുരഞ്ജിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി ഇപ്പോള്‍. നാളെ മുംബൈയില്‍ ശിവസേന ഉദ്ധവ് താക്കറെയുടെ വസതിയിലാണ് അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്ച.
ഉദ്ധവിനെ കാണാന്‍ അമിത്ഷാ സമയം ചോദിച്ചിട്ടുണ്ടെന്നും നാളെ വൈകിട്ട് കാണാമെന്ന് മറുപടി നല്‍കിയതായും ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.
ബി.ജെ.പിയോടുള്ള അതൃപ്തിയില്‍ എന്‍.ഡി.എ മുന്നണി ഉപേക്ഷിക്കുകയാണെന്ന് ശിവസേന തുറന്നടിച്ചിരുന്നു. കൂടാതെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധം ശക്തമാക്കാന്‍ അമിത്ഷാ മുന്നിട്ടിറങ്ങിയത്.