ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 49 ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായതിന്റെ ജനരോഷം മറികടക്കാന്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണവുമായി ബി.ജെ.പി. പുല്‍വാമ ഭീകരാക്രമണത്തിന് കാരണക്കാരന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ടുപിടുത്തം. നെഹ്‌റു കശ്മീര്‍ പ്രശ്‌നം തെറ്റായാണ് കൈകാര്യം ചെയ്തതെന്നും സര്‍ദാര്‍ പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാവില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മോദിയും അമിത് ഷായും അടക്കം സംഘപരിവാര്‍ പടച്ചുവിടുന്ന വലിയ നുണകളിലൊന്നാണ് കശ്മീര്‍ പ്രശ്‌നത്തില്‍ നെഹ്‌റുവിനേയും പട്ടേലിനേയും കുറിച്ചുള്ള വസ്തുത. യഥാര്‍ത്ഥത്തില്‍ കശ്മീര്‍ വിട്ടുകൊടുക്കണമെന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ നിലപാട്. ഇത് മറച്ചുവെച്ച് പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ ഇന്ത്യക്ക് ലഭിക്കുമായിരുന്നു എന്ന കളവാണ് ബി.ജെ.പി നിരന്തരം ഉന്നയിക്കാറുള്ളത്. മോദിയും ബി.ജെ.പിയും ഒരിക്കല്‍ കൂടി പ്രതിക്കൂട്ടിലാവുമ്പോള്‍ ബി.ജെ.പി പഴയ കളവ് പൊടിതട്ടിയെടുക്കുകയാണ്.