X

‘ഒരിക്കല്‍ ഗുജറാത്തില്‍ നിന്ന് സുപ്രീം കോടതി പുറത്താക്കിയ ആളാണ് അമിത് ഷാ’; തിരിച്ചടിച്ച് ശരദ് പവാര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഗുജറാത്തില്‍ നിന്ന് സുപ്രീം കോടതി തന്നെ പുറത്താക്കിയ ആളാണ് ആഭ്യന്തര മന്ത്രിയെന്ന് ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര്‍ ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.

സുപ്രീം കോടതി സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാന്‍ വിലക്കിയ ആളാണ് അമിത് ഷാ എന്നാണ് പവാര്‍ മറുപടി നല്‍കിയത്. ‘കുറച്ച് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ എന്നെ കടന്നാക്രമിച്ചു. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും രാജാവെന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്നാല്‍ ഒരു കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു.ഗുജറാത്തിലെ നിയമം ദുരുപയോഗം ചെയ്ത ആളാണ് അദ്ദേഹം. അന്ന് അദ്ദേഹത്തെ സുപ്രീം കോടതി തന്നെ ഗുജറാത്തില്‍ നിന്ന് പുറത്താക്കി,’ ശരദ് പവാര്‍ പറഞ്ഞു.
ഒരിക്കല്‍ സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് പുറത്താക്കിയ ആളാണ് ഇന്ന് നമ്മുടെ ആഭ്യന്തര മന്ത്രിയെന്ന് നമ്മളെല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ കൈകളിലാണ് ഇന്ന് നമ്മുടെ രാജ്യം ഉള്ളത്. നമ്മള്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ മനസിലാക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു. അവര്‍ ജനങ്ങളെ തെറ്റായ പാതയിലൂടെയാണ് കൊണ്ടുപോകുന്നത് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് 2014ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ജൂലൈ 21നാണ് മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ അമിത് ഷാ ശരദ് പവാറിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ രാഷട്രീയത്തിലെ ഏറ്റവും വലിയ അഴിമതി രാജാവ് ശരദ് പവാര്‍ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചത് ശരദ് പവാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

webdesk13: