X

കര്‍ണാടകയില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍

കല്‍ബുര്‍ഗി (കര്‍ണാടക): കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളെയും കുറിച്ച് ചോദിച്ചപ്പോഴാണ് അമിത് ഷാ ഉത്തരമില്ലാതെ പരുങ്ങിയത്. ഇതുകണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ കര്‍ഷകനില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി പാര്‍ട്ടി അധ്യക്ഷന്റെ രക്ഷക്കെത്തുകയായിരുന്നു.

കല്‍ബുര്‍ഗിയിലെ ഹുംനാബാദില്‍ നടന്ന സംവാദ പരിപാടിയിലാണ് കര്‍ഷകര്‍ അമിത് ഷായെ വെള്ളം കുടിപ്പിച്ചത്. ആയിരത്തോളം കര്‍ഷകര്‍ അമിത് ഷായെ കാണാനെത്തിയിരുന്നു. പക്ഷേ അഞ്ച് പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ചായിരുന്നു ഒരാളുടെ ചോദ്യം. കോര്‍പറേറ്റ് കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് പണമുണ്ട്. പക്ഷേ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ പണമില്ല. വ്യവസായികളല്ല കര്‍ഷകരാണ് വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമിത് ഷായെ ഓര്‍മിപ്പിച്ചു. കോര്‍പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ലെന്ന് മറുപടി നല്‍കിയ അമിത് ഷാ കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നതും വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതും മറ്റൊരു കര്‍ഷകന്‍ ചൂണ്ടിക്കാട്ടി. ചോദ്യശരങ്ങളില്‍ പകച്ച അമിത് ഷാ മറുപടി പറയാനാവാതെ കുഴങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇത് വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ കര്‍ഷകനെ സ്റ്റേജിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്. അതേസമയം അമിത് ഷാ കര്‍ഷകരെ അപമാനിച്ചതായും മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെയും മോദിയുടെയും യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും കര്‍ഷക വഞ്ചനക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാകുമെന്നും പാര്‍ട്ടി പ്രതികരിച്ചു.

chandrika: