കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എന്‍.ആര്‍.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് അതു മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചായിരിക്കുമെന്ന സൂചന അദ്ദേഹം നല്‍കിയത്. കൊല്‍ക്കത്തയില്‍ എന്‍.ആര്‍.സി സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ആര്‍.സി സംബന്ധിച്ച് ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ യാതൊരു വിധത്തിലും പേടിക്കേണ്ട കാര്യമില്ല. ഈ വിഭാഗത്തിലുള്ള കുടിയേറ്റക്കാരെയൊന്നും പുറത്താക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, നിങ്ങള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. എന്‍.ആര്‍.സിക്കു മുമ്പ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. അതുവഴി ഈ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഇക്കാര്യം അവരുടെ വീടുകളില്‍ പോയി പറയണം. ‘ അമിത് ഷാ പറഞ്ഞു.