ഉന്നാവ് പീഡനക്കേസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ആക്രമണങ്ങളും വിവരിക്കുന്നതിനിടയില്‍ കോടതി മുറിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി ഗിരി.
ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആയി. ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. ഇദ്ദേഹം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടു. ബലാത്സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.’ വി ഗിരി വിതുമ്പികൊണ്ട് പറഞ്ഞു.
അമിക്കസ് ക്യൂറിയുടെ വാക്കുകള്‍ ശ്രവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സോളിസിറ്റര്‍ ജനറലിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.