X

മോദിയുടെ പ്രശസ്തി പ്രചാരണത്തിനിടെ; അമേരിക്കന്‍ ഉപഭൂകണ്ഡത്തില്‍ നിന്നും 311 ഇന്ത്യക്കാരെ നാടുകടത്തി മെക്‌സികോ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആഗോളതലത്തില്‍ മോദിയുടെ പ്രശസ്തി ചൂണ്ടികാട്ടി ബിജെപി പ്രചാരണം നടത്തുന്നതിനിടെ 311 ഇന്ത്യക്കാരെ ആദ്യമായി നാട്ടിലേക്ക് തിരിച്ചയച്ച്. അനധികൃത കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി 311 ഇന്ത്യാക്കാരെ മെക്‌സികോ നാടുകടത്തിയത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന് നേരത്തെ യു.എസ് നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അയല്‍രാജ്യമായ മെക്‌സികോയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. മെക്‌സികോയില്‍ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തില്‍ തൊലുക സിറ്റി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്.

മെക്‌സികോയിലൂടെ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് പിന്നാലെ മെക്‌സികോയില്‍ കനത്ത സുരക്ഷാ പരിശോധനകള്‍ അതിര്‍ത്തിയിലെമ്പാടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യാക്കാരെ കയറ്റി അയക്കുന്ന കാര്യത്തില്‍ മെക്‌സിക്കോയിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണുണ്ടായതെന്ന് മെക്‌സികോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രശസ്തി അതിന്റെ ഉന്നതിയില്‍ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.

തന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുന്നതായാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പന്‍വേലില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ഇന്ത്യ ഇന്ന് വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണെന്നം ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ക്കുള്ള ഇന്ന് അഭിമാനിക്കാമെന്നും മോദി പറഞ്ഞു

chandrika: