X
    Categories: indiaNews

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ബജറ്റെന്ന് സാമ്പത്തികവിദഗ്ധന്‍

ഡോ.ഡി. ധനുരാജ് (കൊച്ചിയിലെ സെന്റര്‍ ഫോര്‍
പബ്ലിക് പോളിസി റിസര്‍ച്ചിന്റെ
ചെയര്‍മാന്‍) 

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിന് ഇളവ് ചെയ്ത് കൊടുത്ത ടാക്‌സ് റിബേറ്റുകള്‍ ഇന്നത്തെ സാമ്പത്തിക രംഗത്ത് എത്ര പേര്‍ക്ക് ഗുണകരമാകുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് അടിസ്ഥാന മേഖലയിലെ വികസനമാണ്. അതിനാല്‍ തന്നെ അടിസ്ഥാന മേഖലയില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ് ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ പ്രവണത ഇതാണ്. പ്രത്യേകിച്ചും റെയില്‍വേ, റോഡുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പര്‍ശിക്കാന്‍ ബജറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും റവന്യൂ പിരിവ്, നികുതി പിരിവ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനമാണ് അടിസ്ഥാന മേഖല വികസനത്തിന് വേണ്ടി ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.
ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്: എല്ലാവരെയും ഉള്‍കൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈല്‍, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ അഴിച്ചുവിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണത്. ഇവയില്‍ ഒരോന്നും എടുത്ത് പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലേക്കും ഒരു എത്തിനോട്ടം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ മധ്യവര്‍ഗത്തിന് താല്‍പര്യമുള്ള അദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുക വഴി വരാനിരിക്കുന്ന രതിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരോടുള്ള ഒരു സൂചനയും ധനകാര്യമന്ത്രി ബജറ്റില്‍ നല്‍കുന്നുണ്ട്. 20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.
ബജറ്റ് പ്രസംഗത്തില്‍ ഡിജിറ്റലിനെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ലെങ്കിലും ഡിജിറ്റലിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ടെക്‌നോളജി ഉപയോഗിച്ച് ആരോഗ്യ, കാര്‍ഷിക സെക്ടറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞുവയ്ക്കുന്നത്. കസ്റ്റംസ് തിരുവ കുറയ്ക്കുന്നത് വഴി ആഭ്യന്തര ഉല്‍പാദനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് അറുതി വരുത്തുവാന്‍ പ്രത്യേക പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അപ്പോഴും മാന്‍ ഹോന്‍ ക്ലീനിങിനെ മെഷീന്‍ ക്ലീനിങ് ആക്കുമെന്നുള്ളത് ബജറ്റിലെ വലിയ ഒരു പ്രഖ്യാപനമാണ്. കാര്‍ഷിക രംഗത്ത് കര്‍ഷകരും സര്‍ക്കാരും വ്യവസായികളും ഒന്നിച്ചുള്ള കാര്‍ഷിക വിപണി വിപുലീകരണവും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി 2200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മത്സ്യ മേഖലക്ക് വേണ്ടി 6000 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. അപ്പോഴും ഗ്രാമീണ തൊഴില്‍ മേഖലയിലെ മഹാത്മാ ഗാന്ധി ഗ്രാമീണ് തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 73,000 കോടി വകയിരുത്തിയപ്പോഴും യഥാര്‍ഥത്തില്‍ 89,400 കോടി രൂപ വരെ ചെലവാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 50 പുതിയ എയര്‍പോര്‍ട്ടുകളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹെഡ്രജന്‍ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് വേണ്ടി 240000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഈ എനര്‍ജി ട്രാന്‍സിഷന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. കൂടാതെ ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും അവയെ മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.

 

Chandrika Web: