X

വിവാദങ്ങള്‍ക്കിടെ സി.പി.എമ്മിന്റെ ‘പ്രതിരോധ’ യാത്രക്ക് നാളെ തുടക്കം

തിരുവനന്തപുരം: സി.പി.എം രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രക്ക് നാളെ കാസര്‍കോട് കുമ്പളയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.

140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പിടിച്ചുലക്കുന്ന വിവാദങ്ങള്‍ക്കിടെയാണ് എം.വി ഗോവിന്ദന്റെ യാത്ര. ഭരിക്കുന്ന പാര്‍ട്ടിയുടെ ജാഥ എങ്ങനെയാണ് ‘പ്രതിരോധ’യാത്രയാകുന്നതെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. സര്‍ക്കാരും സി.പി.എമ്മും വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലാണെന്ന വസ്തുത തത്വത്തില്‍ തുറന്നുസമ്മതിക്കുന്നതാണ് ഈ യാത്ര.

ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന സാഹചര്യവും യാത്രയില്‍ പ്രതിരോധിക്കേണ്ടിവരും. ഇ.പി ജയരാജന്റെ റിസോര്‍ട്ട് വിവാദമാണ് പാര്‍ട്ടിയെ കുഴയ്ക്കുന്ന മറ്റൊരു വിഷയം. റിസോര്‍ട്ടിന്റെ മറവില്‍ ജയരാജന്‍ വഴിവിട്ട സമ്പാദ്യമുണ്ടാക്കിയെന്ന പി. ജയരാജന്റെ പരാതിയില്‍ പാര്‍ട്ടിതലത്തില്‍ അനൗദ്യോഗിക അന്വേഷണം നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നാടിളക്കിയുള്ള യാത്രയും ജനങ്ങളില്‍ അതുണ്ടാക്കിയിട്ടുള്ള അതൃപ്തിയും യാത്രയില്‍ പ്രതിഫലിക്കും. ഇതിനെല്ലാം പുറമേ പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കാന്‍ എം.വി ഗോവിന്ദന്‍ പാടുപെടും. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ യാത്രയെന്നത് ശ്രദ്ധേയമാണ്. വര്‍ത്തമാന കാല രാഷ്ട്രീയ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനുമാണ് യാത്രയെന്നാണ് വിശദീകരണം. കാസര്‍കോട് ജില്ലയില്‍ ചെര്‍ക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട്, കാലിക്കടവ് എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

 

webdesk11: