X

തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലേക്ക് 5000 കോടിയുടെ പുത്തന്‍പണം രഹസ്യമായി എത്തിച്ചതായി റിപ്പോര്‍ട്ട്

ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും ഒരു ബിജെപി പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. സംസ്ഥാനത്ത് മറ്റു മേഖലകളിലും ഇത്തരത്തില്‍ പണം ലഭിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിലായി പുത്തന്‍പണത്തിന്റെ ഒഴുക്കു കൂടിയതായുമാണ് വിവരം.

നോട്ടു അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം നോട്ടു പ്രതിസന്ധി നേരിടുമ്പോള്‍ ഉത്തര്‍പ്രദേശിലേക്ക് 5000 കോടി രൂപ എത്തിച്ചുനല്‍കിയതായി റിപ്പോര്‍ട്ട് രാഷ്ട്രീയ നിരീക്ഷകരില്‍ വലിയ അത്ഭുതമാണുണ്ടാക്കുന്നുണ്ട്.. ഉത്തര്‍പ്രദേശില്‍ നോട്ട് പ്രതിസന്ധിയില്ലെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് 5000 കോടി സംസ്ഥാനത്ത് എത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. ഓരോ സംസ്ഥാനത്തിനും നല്‍കിയ പുതിയ നോട്ടുകളുടെ കണക്ക് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആര്‍ബിഐ.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനുള്ള സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പ്രചാരണ റാലികളില്‍ നോട്ടു പ്രതിസന്ധിയാണ് പ്രധാന ചര്‍ച്ചാവിഷയം.

നേരത്തെ ഒരു ദേശീയ വാര്‍ത്താ ഏജന്‍സി ഉത്തര്‍പ്രദേശിനു 5000 കോടി രൂപ നല്‍കിയെന്ന തരത്തില്‍
ഡിസംബര്‍ 17ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേക വിമാനത്തില്‍ പണമെത്തിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത ശരിവെക്കുന്ന റിപ്പോര്‍്ട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തു നിന്നും പുറത്തുവരുന്നത്. അതിനിടെ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന പ്രതികരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.

chandrika: