എത്രയോവട്ടം രാത്രി നേര്‍ത്ത നിലാവില്‍ സുഗന്ധം പരത്തി പൂത്തുനിന്ന നാലപ്പാട്ടെ പാമ്പിന്‍കാവിലെ പ്രിയപ്പെട്ട നീര്‍മാതളത്തെ കാണാന്‍ ആമി ഒരിക്കല്‍കൂടിയെത്തി. കമലയും മാധവിക്കുട്ടിയും സുരയ്യയുമായല്ല, മഞ്ജുവാര്യരിലൂടെ.
വായനക്കാര്‍ക്ക് നീര്‍മാതള പൂക്കളെപോലെ എന്നും മനസ് നിറയ്ക്കുന്ന മണവും ആഹഌദവും പകരുന്ന വശ്യസുന്ദരമായൊരു ഭാഷ സമ്മാനിച്ച മാധവിക്കുട്ടിയെന്ന വിശ്വപ്രശസ്ത എഴുത്തുകാരിയുടെ ഓര്‍മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലത്തിന്റെ നിര്‍വൃതിയിലായിരുന്നു പുന്നയൂര്‍ക്കുളത്തെ നീര്‍മാതളവും പരിസരവുമിന്നലെ. രൂപത്തിലും ഭാവത്തിലും നാലപ്പാട്ടെ പഴയ കമലയെ ഓര്‍മിപ്പിച്ച് പ്രശസ്തതാരം മഞ്ജുവാര്യരെത്തിയപ്പോള്‍ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് ആ വരവ് നോക്കിനിന്നത്. ഇരുവശത്തേക്കും ചീകി അഴിച്ചിട്ട തലമുടിയും വലിയ കണ്ണടയും കഴുത്തില്‍ കറുത്ത ചരടില്‍കോര്‍ത്ത ഏലസും നെറ്റിയിലെ വലിയ ചുവന്നപൊട്ടും ചന്ദനക്കുറിയും ചുവന്ന പട്ടുസാരിയും ഇറക്കമുള്ള മാലയും തിളങ്ങുന്ന വെള്ളി മൂക്കുത്തിയുമെല്ലാമണിഞ്ഞ് മഞ്ജു കാറില്‍ നിന്നിറങ്ങിയപ്പോള്‍ കമല ഓപ്പു മുന്നില്‍ നില്‍ക്കുന്നതായി തോന്നുന്നുവെന്ന് സഹോദരി ഡോ. സുവര്‍ണ നാലപ്പാട്ട് അത്ഭുതത്തോടെ പറഞ്ഞു. ഇതുതന്നെയായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം.
കമല്‍ സംവിധാനം ചെയ്യുന്ന ആമി മുതല്‍ കമല സുരയ്യവരെയായി പരിണാമം ചെയ്യപ്പെട്ട മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ആമിയുടെ സ്വിച്ച് ഓണ്‍ ചടങ്ങിലേക്കാണ് നീര്‍മാതളത്തിലേക്ക് ചേക്കാറാനായി എത്തുന്ന നീല പൊന്‍മാനായി (നീര്‍മാതള ചുവട്ടില്‍ അവസാനം വന്നുപോകുമ്പോള്‍ മാധവിക്കുട്ടി പറഞ്ഞത്) മഞ്ജുവാര്യരെത്തിയത്.
വിദ്യാബാലന്‍ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റില്‍ റോള്‍ മഞ്ജുവാര്യര്‍ സ്വീകരിച്ചപ്പോള്‍ സംശയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ സംശയങ്ങള്‍ മാറിയിരിക്കുന്നു. മഞ്ജു ആമിയാകുന്ന മാജിക് ഇനി സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധാകര്‍. ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്നും ഇതെന്റെ ഭാഗ്യമാണെന്നും നീര്‍മാതള ചുവട്ടില്‍ നിന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ആമിയാകാന്‍ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ചും ജീവിതം ചോദിച്ചറിഞ്ഞും ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയതായും മഞ്ജു കൂട്ടിച്ചേര്‍ത്തു. എല്ലാവരും മഞ്ജു കമലയായി കഴിഞ്ഞുവെന്ന് പറയുന്നത് കേട്ടപ്പോള്‍ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണിതെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.
സംഗീത നാടക അക്കാദമി ചെര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, സാറാജോസഫ്, മാധവിക്കുട്ടിയുടെ മക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, സിനിമാ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.