ഗസ്സ-ഇസ്രാഈല്‍ സംഘര്‍ഷത്തിനിടയില്‍ വളര്‍ന്ന് വരുന്ന അമേരിക്കന്‍ യുവതലമുറക്കാരില്‍ ഭാവിയില്‍ ഇസ്രാഈല്‍ വിരുദ്ധ മനോഭാവം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് യു.എസിലെ ഇസ്രാഈല്‍ അംബാസിഡര്‍ ജാക്ക് ല്യൂ. നിലവില്‍ ഇസ്രാഈലിനെ അനുകൂലിക്കുന്നവരാണ് അമേരിക്കക്കാരില്‍ ഭൂരിഭാഗമെങ്കിലും ഗസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവയില്‍ മാറ്റമുണ്ടാകുമെന്നും ജാക്ക് ല്യൂ പറഞ്ഞു.
ഇസ്രാഈല്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് ഈ ആഴ്ച്ച വിരമിക്കാനിരിക്കവെ ടൈംസ് ഓഫ് ഇസ്രാഈലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാക്ക് ല്യൂ ഇക്കാര്യം വ്യക്തമാക്കിയത്. ഈ യുദ്ധത്തിന്റെ സമയത്ത് 25 മുതല്‍ 45 വയസ് വരേയുള്ളവര്‍ ഭാവിയില്‍ നയതന്ത്ര ഉദ്യോഗസ്ഥരായി നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ അവരില്‍ ഈ യുദ്ധം ചെലുത്തുന്ന സ്വാധീനം വലുതായിരിക്കുമെന്നും അത് പോളിസി മേക്കിങ്ങിലടക്കം വലിയ സ്വാധീനം ചെലുത്തുമെന്നും ജാക്ക് ല്യൂ പറഞ്ഞു.
സയണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, തന്റെ തലമുറയിലെ ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന അവസാന പ്രസിഡന്റാണെന്നും ലെവ് കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റിക് പ്രസിഡന്റ് ഹാരി.എസ്.ട്രൂമാന്റെ കീഴിലാണ് ഇസ്രാഈലിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി യു.എസ് മാറുന്നത്. എന്നാല്‍ അന്ന് ആ തീരുമാനത്തിന്റെ പേരില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും രഹസ്യാന്വേഷണ ഏജന്‍സികളിലും അറബ് സമൂഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയില്‍ ഇസ്രാഈല്‍ വംശഹത്യ ആരംഭിച്ചത് മുതല്‍ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇസ്രാഈല്‍ വിരുദ്ധ മനോഭാവം വളര്‍ന്ന് വരുന്നതായി വിവിധ സര്‍വെ ഫലങ്ങളില്‍ കണ്ടെത്തിയിരുന്നു. അമേരിക്കന്‍ ജൂതര്‍ക്കിടയിലും ഫലസ്തീന്‍ അനുകൂല മനോഭാവം വളര്‍ന്ന് വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കയിലെ ജൂതന്മാരായ കൗമാരക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ ശക്തമായ വിയോജിപ്പും ഹമാസിനോട് അനുഭാവം ഉള്ളതായി ഇസ്രാഈല്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഡയസ്‌പോറ അഫേഴ്‌സ് ആന്‍ഡ് കോമ്പാറ്റിങ് ആന്റി സെമിറ്റിസം മന്ത്രാലയം നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു
സര്‍വെയില്‍ പങ്കെടുത്ത 14നും 18നും ഇടയില്‍ പ്രായമുള്ള അമേരിക്കയിലെ ജൂത കൗമാരക്കാര്‍ക്കിടയില്‍ 36.7 ശതമാനം പേരും ഗസയിലെ സായുധ സംഘടനയായ ഹമാസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നാണ് സര്‍വെയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സര്‍വെയില്‍ ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയില്‍ ഇവരില്‍ 41.3 ശതമാനം പേരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്.
ഇസ്രാഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. അമേരിക്കയിലെ ജൂത കൗമാരക്കാരില്‍ 66% പേര്‍ക്കും ഫലസ്തീന്‍ ജനതയുടെ നിലവിലെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും സര്‍വെയില്‍ പറയുന്നു.