യു.എ. നസീര്‍, ന്യൂയോര്‍ക്ക്
ആധുനിക മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് കഴിഞ്ഞാല്‍ ഇന്ത്യക്ക് വെളിയില്‍ അന്താരാഷ്ട്രതലത്തില്‍ പേരും പ്രശസ്തിയും അംഗീകാരവും ലഭിച്ചിട്ടുള്ള മഹാനായ നേതാവാണ് ഇ.അഹമ്മദ് . ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം അന്താരാഷ്ട്രതലത്തില്‍ ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ഇ.അഹമ്മദിന്റെ വളരെ ആഴത്തിലുള്ള ബന്ധങ്ങള്‍ പ്രസിദ്ധമാണല്ലോ. അതുപോലെ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ബന്ധങ്ങളും സൗഹൃദങ്ങളുമുള്ള മറ്റൊരു രാജ്യമാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക. എം.പിയായ കാലംതൊട്ട് ഇ.അഹമ്മദ് നിരന്തരം യു.എസില്‍ വിശിഷ്യാ ന്യൂയോര്‍ക്കില്‍ വരികയും യു.എന്‍ അസംബ്ലിയില്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കുകയും ചെയ്തത് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. ഓരോ വരവിലും യു.എസിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാജ്യക്കാരുമായും അമേരിക്കയിലെ തന്നെ വിവിധ സ്‌റ്റേറ്റുകളിലെ മലയാളി പ്രമുഖരും സാധാരണക്കാരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു എന്ന് അമേരിക്കയിലിരുന്ന് കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം അദ്ദേഹത്തെ സസൂക്ഷ്മം കണ്ടറിഞ്ഞ വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയും.
നാട്ടില്‍നിന്ന് രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിച്ച് 2000 മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലെത്തിയ എനിക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ നേരിട്ട് കാണാനും ബന്ധപ്പെടാനും സാധിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇ.അഹമ്മദ് എന്നെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. അദ്ദേഹം യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നതായതുകൊണ്ട് മടങ്ങിപ്പോകുന്ന ദിവസം ഒരു സുഹൃത്തിനൊപ്പം ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെത്തി കാണുകയും സംസാരിക്കുകയും ചെയ്തു. വിഷമിക്കാന്‍ ഒന്നുമില്ല, നാടുവിട്ട സ്ഥിതിക്ക് ഇനി ഇവിടെ തന്നെ തുടരുന്നതായിരിക്കും നല്ലത് എന്നദ്ദേഹം ആശ്വസിപ്പിച്ചു.
പിന്നീട് അമേരിക്കയില്‍ വരുമ്പോഴെല്ലാം മുന്‍കൂട്ടി തന്നെ വിളിക്കും. അദ്ദേഹം സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം ഉടനീളം അനുഗമിക്കാനും, ഒന്നിച്ചു താമസിക്കാനും പല പ്രാവശ്യം എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിലേറ്റവും ആനന്ദകരമായ മുഹൂര്‍ത്തം, വിദേശകാര്യ സഹമന്ത്രിയായ ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ്. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇ.അഹമ്മദിനെയും ദല്‍ഹിയില്‍ നിന്നുള്ള വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാരെയും എംബസിയിലെ ഉദ്യോഗസ്ഥന്മാരും മറ്റു പ്രമുഖരും വന്ന് സ്വീകരിച്ച ആ രംഗമാണ് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അതൊരു ചരിത്ര നിമിഷമായിരുന്നു. അന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്ത ഹോട്ടലില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിക്കളിച്ചത് ഞങ്ങളില്‍ അതിയായ രോമാഞ്ചമാണുണ്ടാക്കിയത്. പക്ഷേ അദ്ദേഹം പഴയതുപോലെ തന്നെ ഭാവ വ്യത്യാസമൊന്നും കൂടാതെ പലരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ കൂടെയുള്ള എന്നെ കുറിച്ച് ഇതെന്റെ നേതാവും സഹപ്രവര്‍ത്തകനുമായിരുന്ന മുന്‍ മന്ത്രി യു.എ ബീരാന്റെ മകനാണെന്നും നാട്ടില്‍ സജീവ പൊതുപ്രവര്‍ത്തകനായിരുന്നെന്നും മറ്റും പലര്‍ക്കും പല മീറ്റിംഗ് സമയത്തും ഡിന്നര്‍ വേളകളിലും പരിചയപ്പെടുത്തുന്നത് സാധാരണമായിരുന്നു. നീയും എന്റെ മകന്‍ നസീറും എനിക്ക് ഒരു പോലെയാണെന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായീകരണം.
ഇ.അഹമ്മദുമൊത്തുള്ള ഓര്‍മകളില്‍ നൊമ്പരവും സായൂജ്യവും കലര്‍ന്ന ഓര്‍മയാണ് പാണക്കാട് സയ്യിദ് മുഹമ്മദ്അലി ശിഹാബ് തങ്ങളെ ചികിത്സക്ക് കൊണ്ടുവന്ന സന്ദര്‍ഭം. കേന്ദ്രമന്ത്രി എന്ന നിലക്ക് അവിടെ വരികയും ന്യൂയോര്‍ക്കില്‍ നിന്ന് രണ്ടുമണിക്കൂര്‍ വിമാനയാത്ര ചെയ്ത് മിനിയാപ്ലസ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി റോഡ് മാര്‍ഗമാണ് ശിഹാബ് തങ്ങളെ ചികിത്സിക്കുന്ന പ്രശസ്തമായ മയോ ക്ലിനിക്ക് ഹോസ്പിറ്റലില്‍ എത്തുന്നത്. ഇ.അഹമ്മദിനെ കൂടാതെ മുനവ്വറലി ശിഹാബ് തങ്ങളും, ദുബായിയിലെ ഖാദര്‍ക്ക (ഖാദര്‍ തെരുവത്ത്) യുമായിരുന്നു തങ്ങളെ അനുഗമിച്ചിരുന്നത്. ലോക പ്രശസ്ത ആതുരാലയമായ മെയോ ക്ലിനിക്കിലും ഡോക്ടര്‍ രാമചന്ദ്രന്‍ തൊട്ട് ഇ.അഹമ്മദിന് ധാരാളം അടുപ്പക്കാരുണ്ട്. കൂടാതെ റോച്ചസ്റ്ററില്‍ നിന്നും , മിനിയാപ്പൊലിസില്‍ നിന്നുമുള്ള മലയാളി സുഹൃത്തുക്കളെ കൂടാതെ ചിക്കാഗോയില്‍ നിന്നും ഫൊക്കാന നേതാവ് ഡോക്ടര്‍ അനിരുദ്ധന്‍, മിഷിഗണില്‍ നിന്ന് എ.കെ.എം.ജി നേതാവ് ഡോ:നരേന്ദ്ര കുമാര്‍ തുടങ്ങിയവരും മെയോ ക്ലിനിക്കില്‍ ശിഹാബ് തങ്ങളെയും ,ഇ. അഹമ്മദിനെയും കാണാന്‍ എത്തിയിരുന്നു.
നാലഞ്ച് ദിവസം ഞങ്ങളൊന്നിച്ചാണ് താമസിച്ചത്. അമേരിക്കയില്‍ എത്തിയാല്‍ ഇ.അഹമ്മദ് സ്ഥിരമായി ബന്ധപ്പെടുകയും കാണുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അവരില്‍ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍, ഡോ:അസീസ്, സി.കെ വീരാന്‍ കുട്ടി, മുസ്തഫ കമാല്‍, ഷംസു കൊണ്ടോട്ടി, മൂസ കൊടിഞ്ഞി, ഇഖ്ബാല്‍ പെരിങ്ങത്തൂര്‍, ഡാല്ലസിലുണ്ടായിരുന്ന നിസാം കുഞ്ഞ്, ലോസ് ആഞ്ചലസിലെ മോഹന്‍ രാജ് എന്നിവരും ഉള്‍പ്പെടും. തിരക്കൊഴിയുമ്പോള്‍ അവിടെയൊക്കെ പോകും. മറ്റ് അമേരിക്കന്‍ മലയാളി നേതാക്കളും ഇ.അഹമ്മദുമായി പ്രത്യേക അടുപ്പം പുലര്‍ത്തിയിരുന്നു.സംഘടനകളുടെ മീറ്റിങ്ങിന് പോകുമ്പോഴും ഐ.ഒ.സി മീറ്റിങ്ങിനു പോകുമ്പോഴും നമുക്ക് അമേരിക്കയില്‍ കെ.എം.സി.സി രൂപീകരിക്കണം എന്ന ആഗ്രഹം പ്രകടിപ്പിക്കും. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളും മറ്റു നേതാക്കളും ഒക്കെ നിര്‍ദ്ദേശിച്ചു. വൈകാതെ ഞങ്ങള്‍ അത് യാഥാര്‍ഥ്യമാക്കിയപ്പോള്‍ പ്രഗല്‍ഭരായ നേതാക്കള്‍ക്ക് വളരെ സന്തോഷമായി.
ഇ.അഹമ്മദിന്റെ നയതന്ത്രജ്ഞതക്ക് നേര്‍സാക്ഷ്യം വഹിക്കാന്‍ ഒരുപാട് തവണ അവസരം ലഭിച്ചിട്ടുണ്ട്. അംബാസഡര്‍മാരായ നിരുപമറാവു ആയാലും നമ്പ്യാര്‍ ആയാലും സംസാരിക്കുമ്പോഴൊക്കെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ഇരുത്തം വന്ന ഒരു നയതന്ത്രജ്ഞന്റെ മെയ് വഴക്കത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നമുക്ക് അനുഭവപ്പെടുക. നിവേദനങ്ങളും ഡ്രാഫ്റ്റുകളും തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിന്റെ നിപുണത ഒന്നുവേറെ തന്നെയാണ്.
യു.എന്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അധികവും അമേരിക്കയില്‍ വരുന്നത്. അവിടെ യു.എന്‍ സെക്രട്ടറി ജനറല്‍ മുതല്‍ സെക്യൂരിറ്റി സ്റ്റാഫ് വരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഡല്‍ഹിയില്‍നിന്ന് ചിലപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ നേരത്തെ വിളിച്ചു പറയും. അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കണം എന്ന്. അതിരാവിലെ എഴുന്നേറ്റു ന്യൂയോര്‍ക്ക് സിറ്റിക്ക് നടുവിലെ വിശാലവും പ്രശസ്തവുമായ സെന്‍ട്രല്‍ പാര്‍ക്കില്‍ നടക്കാന്‍ പോകുന്നതും അദ്ദേഹത്തിന്റെ പതിവ് ശീലമായിരുന്നു. അതേ പോലെ വാഷിംഗ്ടണ്‍ ഡി.സി യിലും, ഫ്‌ലോറിഡയിലുമെല്ലാം അദ്ദേഹത്തിന് സ്ഥിരമായി നടക്കാന്‍ പോകുന്ന പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഉണ്ട്. പ്രവാസികളുടെ ഏറ്റവും വിശ്വസ്തനായ അന്താരാഷ്ട്ര പ്രശസ്തനായ നേതാവിനേയും കൂട്ടുകാരനേയുമാണ് ഇ.അഹമ്മദിന്റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായത്.