വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്‍കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് ജപ്പാന്‍ സാന്നിധ്യമറിയിക്കുന്നത്. ജപ്പാന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുകളായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുക. യു.എസിന്റെ മൂന്നു വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പമായിരിക്കും ജപ്പാനീസ് കപ്പലുകളും ശക്തിപ്രകടിപ്പിക്കുക. യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ് നിമിറ്റ്‌സ്, യു.എസ്.എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്നീ കപ്പലുകള്‍ക്കൊപ്പം ജപ്പാന്റെ ഇസെ, ഇനാസുമ, മകിനാമി കപ്പലുകളാണ് അഭ്യാസപ്രകടനത്തില്‍ പങ്കാളിയാകുക. നാളെ കൊറിയന്‍ പെനിന്‍സുലയോട് ചേര്‍ന്നായിരിക്കും സൈനികാഭ്യാസം. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്. എച്ച് 18 സ്‌ട്രൈക്കര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ വന്‍ തോതില്‍ യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് അമേരിക്കയുടെ ഓരോ കപ്പലുകളും.