X

പ്രതിപക്ഷ നേതാവുമായി സംവദിച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍

പറവൂര്‍- കേരളത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അറിയാന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായി ആശയവിനിമയം നടത്തി. ‘ഫിലോസഫി ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഹാപ്പിനസ്’ എന്ന വിഷയത്തില്‍ ലിന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, നഴ്‌സിങ് വകുപ്പുകളിലെ 8 വിദ്യാര്‍ഥികളും 2 അധ്യാപകരുമാണ് പ്രതിപക്ഷ നേതാവുമായി സംവദിച്ചത്.

രാഷ്ട്രീയ, മത ബഹുസ്വര ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ പങ്ക്, വനിതകളുടെ പ്രസക്തി, ആരോഗ്യമേഖല തുടങ്ങിയവ സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില്‍ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആരോഗ്യരംഗത്തെ സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതി, കാര്‍ഷിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ കേരളം നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടി.

മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളില്‍ അതൊരു വെല്ലുവിളിയാണ്. ഏതു മതത്തില്‍ വിശ്വസിച്ചാലും എല്ലാവരും ഇന്ത്യക്കാരാണെന്ന ചിന്തയാണ് ഈ പ്രശ്‌നത്തിന് പരിഹാരമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും നിരീക്ഷിക്കണമെന്നും ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയണമെന്നും നന്നായി വായിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു.

webdesk13: