X

ട്രംപിന് തിരിച്ചടി: അലബാമ സെനറ്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നത് ഇരുപതിയഞ്ചു വര്‍ഷത്തിനുശേഷം

അലബാമ: സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഡഗ് ജോണ്‍സിന് ജയം. അലബാമയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റോയ് മൂറിനെ പരാജയപ്പെടുത്തിയ ഡഗ് ജോണ്‍സ് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായി ജയിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി. ഡഗിന്റെ വിജയം മൂറിനെ പിന്തുണച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടിയായി. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം 51-49 ആയി ചുരുങ്ങി.

യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ഒഴിഞ്ഞ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2018 നവംബറില്‍ സീറ്റില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. നേരത്തെ പ്രൈമറി തെരഞ്ഞെടുപ്പില്‍ ലൂഥര്‍ സ്ട്രേഞ്ചിനെയായിരുന്നു ട്രംപ് പിന്തുണച്ചിരുന്നത്. എന്നാല്‍ റോയ് മൂര്‍ ജയിക്കുകയായിരുന്നു. ഈയൊരര്‍ത്ഥത്തില്‍ രണ്ടു തവണയാണ് അലബാമയില്‍ ട്രംപ് പരാജയം നേരിടുന്നത്.

49.9 ശതമാനം വോട്ടാണ് ഡഗ് ജോണ്‍സ് നേടിയത്. മുന്‍ പ്രോസിക്യൂട്ടര്‍ കൂടിയായ മൂറിനെതിരെ പ്രചരണ സമയത്ത് ലൈംഗികാരോപണങ്ങളടക്കം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളോട് ദുരുദ്ദേശത്തോടെ പെരുമാറിയെന്നായിരുന്നു ആരോപണം. മുസ്ലിംങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നതടക്കമുള്ള വിവാദ പ്രസ്താവനകള്‍ റോയ് മൂര്‍ നടത്തിയിരുന്നു.

അതേസമയം നവംബറില്‍ നടന്ന വിര്‍ജീനിയ, ന്യൂജഴ്സി തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ക്കായിരുന്നു ജയം.

chandrika: