X

മോദിയുടെ ഫോട്ടോഷോപ്പ് തന്ത്രം യു.എസിലും; ട്രംപിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോഷോപ്പ് തന്ത്രം അമേരിക്കയിലും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെക്കൂട്ടുന്നതിന് ഫോട്ടോ എഡിറ്റിങ് നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോ എഡിറ്റ് ചെയ്തതെന്നാണ് വിവരം. യഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയായിരുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു മാത്രം ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍ ട്രംപ് ദേഷ്യപ്പെട്ടതായി ഔദ്യോഗിക രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതെന്നായിരുന്നു ട്രംപ് ഭരണകൂടം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2017 ജനുവരി 20നാണ് ട്രംപ് അധികാരമേറ്റത്. 21ന് അതിരാവിലെ ചിത്രങ്ങളെടുക്കാന്‍ ചുമതലപ്പെട്ട നാഷണല്‍ പാര്‍ക് സര്‍വീസ് ആക്ടിങ് ഡയറക്ടര്‍ മൈക്കിള്‍ റെയ്‌നോള്‍ഡ്‌സുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. ഇരുവരും തമ്മില്‍ ഇതേദിവസം പലതവണ ഫോണ്‍ സംഭാഷണം നടത്തിയിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു. ആളില്ലാത്ത ചിത്രങ്ങള്‍ക്കു പകരം എഡിറ്റ് നടത്തി ആളെക്കൂട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം.

chandrika: