കന്‍സാസ് സിറ്റി: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. പ്രതിയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിടില്ല. ജൂലായ് ആറിനാണ് തെലങ്കാനയില്‍ നിന്നുള്ള 25കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ശരത് കൊപ്പു കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ ജോലിക്കിടെ വെടിയേറ്റു മരിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെ ഉണ്ടായ വെടിവയ്പിലാണ് ശരത് മരണപ്പെട്ടത്.
ശരത് കൊപ്പുവിനെ വേടിയേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെലങ്കാനയിലെ വാറംഗല്‍ ജില്ലയില്‍നിന്നുള്ള എന്‍ജിനീയറിങ് ബിരുദധാരിയാണ് ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലിചെയ്തുവരികെ ബിരുദാനന്തര ബിരുദത്തിനായി ജോലി രാജിവച്ചാണ് ഈ വര്‍ഷമാദ്യം ശരത് യുഎസിലേക്കു കുടിയേറിയത്.
മിസോറി കന്‍സാസ് സിറ്റി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു ശരത്. പഠനത്തോടൊപ്പം റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. കവര്‍ച്ചക്കിടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ശരതിന് വെടിയേറ്റതെന്ന് ദൃക്സാക്ഷികള്‍ പൊലീസ് മൊഴി നല്‍കിയത്. ആക്രമിസംഘം കവര്‍ച്ചയ്ക്കായി റസ്‌റ്റോറന്റില്‍ അലറി കയറിയപ്പോള്‍ എല്ലാവരും കൗണ്ടറിനു പിന്നില്‍ ഒളിച്ചപ്പോള്‍ ശരത് ഓടുകയായിരുന്നു. തുടര്‍ന്ന് കവര്‍ച്ചാ സംഘത്തിലെ ഒരാളുടെ വെടിയേല്‍ക്കുകയായിരുന്നു. വെള്ള, ബ്രൗണ്‍ നിറങ്ങളില്‍ നെടുകെ വരകളുള്ള ടീഷര്‍ട്ടാണ് വെടിവച്ചയാള്‍ ധരിച്ചത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ശരത്തിനോട് ആക്രമി സംഘത്തിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.