X
    Categories: Newsworld

അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 72 ശതമാനവും ബൈഡനോടൊപ്പം; സര്‍വേഫലം പുറത്ത്

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 72 ശതമാനവും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോയ് ബിഡനോടൊപ്പമെന്ന് സര്‍വേഫലം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യന്‍ അമേരിക്കക്കാരെ ട്രംപിനോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്ന വാദങ്ങളാണ് ഇതോടെ ഇല്ലാതായത്.

ന്യൂനപക്ഷങ്ങളോട് ട്രംപ് പുലര്‍ത്തിയ മനോഭാവമാണ് പ്രധാനമായും സര്‍വേയില്‍ ഉയര്‍ന്നുവന്നത്. കറുത്ത വര്‍ഗക്കാരോട് പൊലീസ് നടത്തിയ ക്രൂരതകളും അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ട്രംപിനെതിരെ നിലപാടെടുക്കാന്‍ കാരണമായി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ട്രംപിന്റെ നേതൃത്വത്തിന് സാധിച്ചില്ലെന്നും സര്‍വേഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതുപോലെ, അടുത്ത യുഎസ് പ്രസിഡണ്ടായി ആരു വേണമെന്ന് അറബ് ലോകത്ത് നടത്തിയ സര്‍വേയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് തന്നെയാണ് വലിയ മുന്‍തൂക്കം. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും ബൈഡന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം. അറബ് ന്യൂസ്‌യുഗോവ് അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍.

ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലാണ് അറബ് ന്യൂസ് സര്‍വേ നടത്തിയത്. ഒബാമ ഭരണകൂടം അധികാരത്തില്‍ ഇരുന്ന വേളയില്‍ നടപ്പാക്കിയ മധ്യേഷ്യന്‍ നയങ്ങളില്‍ 53 ശതമാനം പേരാണ് തൃപ്തി പ്രകടിപ്പിച്ചത്. ട്രംപിന്റെ പല തീരുമാനങ്ങളെയും കടുത്ത രീതിയിലാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചത്.

ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനത്തെ 89 ശതമാനം പേരാണ് എതിര്‍ത്തത്. അറബ്ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Test User: