വാഷിങ്ടണ്‍: മ്യാന്‍മറിലെ റാകിനെയില്‍ മുസ്്‌ലിംകള്‍ക്കെതിരെ ഭരണകൂടവും സൈന്യവും നടത്തുന്ന വംശീയ ശുദ്ധീകരണത്തിനെതിരെ അമേരിക്ക കടുത്ത നടപടിക്ക്. മ്യാന്‍മര്‍ സൈനിക, ഭരണകൂട നേതാക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് ആലോചിക്കുന്നത്. മ്യാന്‍മറിലെ പശ്ചിമ സംസ്ഥാനമായ റാഖിനയില്‍ അതിക്രമങ്ങളിലുള്‍പ്പെട്ട വ്യക്തികള്‍ക്കോ, സംഘങ്ങള്‍ക്കൊ എതിരായി മനുഷ്യാവകാശ നിയമം ഉപയോഗിച്ച് ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് ആലോചിക്കുന്നതെന്ന് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. റാഖിനയില്‍ മുസ്്‌ലിംകള്‍ക്കെതിരായി നടക്കുന്ന വംശീയകലാപത്തില്‍ അതിയായ ആശങ്ക രേഖപ്പെടുത്തിയ യു.എസ്, മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ വ്യക്തികളാണെങ്കിലും സംഘടനകളാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 25 മുതലാണ് മ്യാന്‍മര്‍ സൈന്യം റാഖിനയില്‍ മുസ്്‌ലിംകള്‍ക്കെതിരെ മൃഗീയമായ പീഡനങ്ങള്‍ ആരംഭിച്ചത്.
ഇതിനോടകം 600,000 റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ രാജ്യം വിട്ട് ബംഗ്ലാദേശിലെത്തിയതായാണ് കണക്ക്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് ആഗോള വ്യാപകമായി വിസ നിരോധനമേര്‍പ്പെടുത്തുന്ന ഗ്ലോബല്‍ മാഗ്നിറ്റിസ്‌കി നിയമം ഉള്‍പ്പെടെയുള്ള യു.എസ് നിയമമനുസരിച്ച് മ്യാന്‍മറിലെ കലാപകാരികളെ ഉപരോധിക്കാനാണ് തീരുമാനമെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ഹീതര്‍ നോര്‍ട്ട് പറഞ്ഞു. മാഗ്നിറ്റിസ്‌കി നിയമമനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റിന് വിദേശ പൗരന്മാരുടെ വിസകള്‍ റദ്ദാക്കാനോ പുനസ്ഥാപിക്കാനോ കഴിയും. ഇതോടൊപ്പം വ്യക്തികളുടേയോ സംഘടനകളുടേയോ സ്വത്തുക്കള്‍ മരവിപ്പിക്കാനുമാവും.
1997 ലാണ് അവസാനമായി അമേരിക്ക മ്യാന്‍മറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയത്. അന്ന് സൈനിക ഏകാധിപത്യത്തിന് കീഴിലായിരുന്നു മ്യാന്‍മര്‍. രാജ്യം ജനാധിപത്യ രീതിയിലേക്ക് മാറിയതിനു പിന്നാലെ 2016 ഒക്ടോബറില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയാണ് ഉപരോധം പിന്‍വലിച്ചത്.
വടക്കന്‍ റാഖിനയില്‍ പ്രവര്‍ത്തിക്കുന്ന മ്യാന്‍മര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സൈനിക സഹായം അമേരിക്ക നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്ന സൈനിക മേധാവികള്‍ക്കെതിരെ ഒരു ശിക്ഷയും ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് യു.എസ് സെനറ്റര്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരെ മ്യാന്‍മറില്‍ നടക്കുന്ന വംശീയ അധിക്രമങ്ങള്‍ക്ക് ഉത്തരവാദി മ്യാന്‍മര്‍ സൈന്യമാണെന്ന് കഴിഞ്ഞയാഴ്ച യു.എസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആരോപിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന വിഭാഗം റോഹിന്‍ഗ്യകളാണെന്ന് യു.എന്‍ അഭിപ്രായപ്പെട്ടിരുന്നു.
മ്യാന്‍മറില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളുടെ സുരക്ഷിതമായ തിരിച്ചുവരവിനും അവരുടെ പൗരത്വത്തിലേക്കും വഴിവെക്കണമെന്ന് യു.എസ് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.