X
    Categories: Newsworld

ഭാര്യയെ സഹായിക്കണം; കമല ഹാരിസിന്റെ ഭര്‍ത്താവ് ജോലി രാജി വച്ചു

വാഷിങ്ടണ്‍: ഭാര്യയെ ജോലിയില്‍ സഹായിക്കുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ട്. കുറവാണെന്നു തന്നെ പറയാം. എന്നാല്‍ നിയുക്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫ് അങ്ങനെയൊരാളല്ല. ഭാര്യയെ സഹായിക്കാനായി ജോലി രാജിവയ്ക്കുകയാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു എംഹോഫ്.

അമേരിക്ക, ഏഷ്യാപസഫിത്സ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ബഹുരാഷ്ട്ര നിയമ കമ്പനിയായ ഡിഎല്‍എ പൈപറിലെ അഭിഭാഷകനാണ് എംഹോഫ്. വാഷിങ്ടണ്‍ ഡിസിയിലെ ഓഫീസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2017ലാണ് ഡിഎല്‍എ പൈപ്പറില്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.

ഓഗസ്റ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേളയില്‍ തന്നെ എംഹോഫ് ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നു. പ്രചാരണത്തില്‍ ഭാര്യയെ സഹായിക്കാനായിരുന്നു അവധി. ഭാര്യയ്ക്കു വേണ്ടി ഓടിയെത്തുന്ന ഭര്‍ത്താവിനെ പ്രചാരണ റാലിയില്‍ വച്ച് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ അനുമോദിച്ചിരുന്നു. പാരമ്പര്യത്തെയും വിശ്വാസത്തെയും നിങ്ങള്‍ തകര്‍ത്തു കളഞ്ഞു എന്നായിരുന്നു എംഹോഫിനെ നോക്കിയുള്ള ബൈഡന്റെ പ്രശംസ.

2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.

ഇനി ജോ ബൈഡന്റെ ഭാര്യ എന്തു ചെയ്യുമെന്നാണ് അമേരിക്കക്കാരുടെ ചോദ്യം. അധ്യാപികയാണ് ബൈഡന്റെ ഭാര്യ ജില്‍. തന്റെ ജോലി തുടരുമെന്ന് ഈയിടെ അവര്‍ വ്യക്തമാക്കിയിരുന്നു.

Test User: