വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്‍കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്‍ ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്‌നാന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് യു.എന്‍ ആര്‍.ഡബ്ല്യൂ.എ ഫണ്ട് ചെലവഴിക്കുന്നത്.
രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ് നല്‍കിവരുന്ന ഇത്തരം സഹായങ്ങളെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി യുഎസ് സാമ്പത്തിക സഹായ നല്‍കിവരുകയാണെന്നും അത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീക്ഷണി. ഇതിനു പിന്നാലെയാണ് സഹായം വെട്ടിച്ചുരുക്കിയതായി അമേരിക്ക അറിയിക്കുന്നത്. യുഎന്നിന്റെ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യൂഎ) ഫണ്ടിന്റെ 30 ശതമാനം സംഭാവന നല്‍കിയത് യു.എസ് ആയിരുന്നു. അതേസമയം സാമ്പത്തിക സഹായം വെട്ടികുറച്ച തീരുമാനം ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗവെര്‍ട്ട് പറഞ്ഞു.