ന്യൂയോര്‍ക്ക്: ശീതക്കൊടുങ്കാറ്റില്‍ ഉറഞ്ഞുപോയ അമേരിക്കയില്‍ മരണനിരക്ക് ഉയരുന്നു.മരണം അറുപത്തിയഞ്ച് കടന്നു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.
അതിശക്തമായ മഞ്ഞുവീഴ്ചക്കിടെ ന്യൂയോര്‍ക്കില്‍ കാറിനുള്ളില്‍ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഉച്ചയ്ക്കുശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയാണ് ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍ പെട്ടത്. മഞ്ഞില്‍ കുടുങ്ങിയ കാര്‍ മുന്നോട്ടു നീങ്ങിയില്ല. മഞ്ഞു കാറ്റ് അവസാനിച്ച ശേഷം വീട്ടില്‍ മടങ്ങാമെന്ന് കരുതിയ ടെയ്‌ലര്‍ 18 മണിക്കൂറോളം കാറില്‍ കുടുങ്ങി മരിക്കുകയായിരുന്നു. കുടുംബത്തിന് അവസമായി അയച്ച വീഡിയോയില്‍ പുറത്ത് കാറ്റടിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. അപകട വിവരം അറിഞ്ഞ ഉടന്‍ യുവതിക്കായി ഈര്‍ജിത തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് കണ്ടെത്താന്‍ സാധിച്ചത്. മഞ്ഞുവീഴ്ചയോടൊപ്പം അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന് സംശയമുണ്ട്. കാറിനുള്ളില്‍ അകപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കാറില്‍ ഉറഞ്ഞ് മരിച്ച നിലയില്‍ കൂടുതല്‍ മൃത ദേഹങ്ങള്‍ കണ്ടെത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അര നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ശീതക്കാറ്റിനെയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണം മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്.