ജിദ്ദ: ഖത്തറിനു മേലുള്ള സഊദിയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിന്റെ സഊദി സന്ദര്‍ശനത്തിനിടെയാണ് ഉപരോധം പിന്‍വലിക്കാന്‍ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോട് അമേരിക്ക ആവശ്യപ്പെട്ടത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്ത ശേഷമുള്ള പോംപിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ആദില്‍ ജുബൈറുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയ പോംപ് ‘ഗള്‍ഫ് ഐക്യം’ അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് സഊദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങി രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വേര്‍പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്.ഖത്തര്‍ വിഷയത്തില്‍ സഊദി ഭരണകൂടത്തിന്റെ ഉപരോധത്തിന് അനുകൂല നിലപാടായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റേത്. എന്നാല്‍ പോംപിന്റെ മുന്‍ഗാമിയായിരുന്ന റെക്സ് ടില്ലേഴ്സണ്‍ സമാധാന ചര്‍ച്ചകളിലെ സ്തംഭനത്തിന് സഊദിയെ കുറ്റപ്പെടുത്തിയിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ഇറാന്‍ മുതലെടുക്കുന്നുവെന്നും യെമനിലും സിറിയയിലും ഇറാന്റെ സ്വാധീനം കൂടിവരുന്നത് മുന്നില്‍ കണ്ടുമാണ് പോംപിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍.