X

വിസ വര്‍ക്ക് പെര്‍മിറ്റ് അമേരിക്ക റദ്ദാക്കുന്നു: ഇന്ത്യക്കാര്‍ ആശങ്കയില്‍

വാഷിംഗ്ടണ്‍: എച്ച്4 വിസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് അമേരിക്ക. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ പങ്കാളികളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും.

അമേരിക്കയില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ പങ്കാളിക്ക് അവിടെ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. 70,000 പേരാണ് എച്ച്4 വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് നേടി അമേരിക്കയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. തീരുമാനം നിലവില്‍ വന്നാല്‍ ഇവര്‍ക്കു ജോലി ചെയ്യാന്‍ സാധിക്കില്ല. എച്ച്4 വിസയുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സേവ് ജോബ്‌സ് യുഎസ്എ എന്ന സംഘടന കോടതിയെ സമീപിച്ചിരുന്നു.

ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ചട്ടം റദ്ദാക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ഓഫ് ബജറ്റിനു മൂന്നു മാസങ്ങള്‍ക്കകം പുതിയ നിയമം സമര്‍പ്പിക്കുമെന്നും ആഭ്യന്തര സുരക്ഷ വകുപ്പ് കോടതിയെ അറിയിച്ചു. അതുവരെ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച്1ബി വിസയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അതിവിദഗ്ധ പ്രൊഫഷണലുകളുടെ ജീവിതപങ്കാളികള്‍ക്കും ജോലിചെയ്യാനുള്ള അവസരമൊരുക്കിയത് ഒബാമ സര്‍ക്കാരാണ്. ഈ സംവിധാനം നിര്‍ത്തലാക്കുകയാണ് ട്രംപ് ഭരണകൂടം. ഇതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ 130 അംഗങ്ങള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

chandrika: