വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് അമേരിക്കയിലേക്കാണ്. വീണ്ടും അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് എത്തുമോ, അല്ലെങ്കില്‍ ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ദൂരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. റെക്കോഡ് പോളിങ്ങ് ആണെന്നാണ് സൂചന
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും 77കാരനുമായ ബൈഡന്‍, ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്റ് ആയിരുന്നു. ട്രംപിനെ തറപറ്റിക്കാന്‍ ബൈഡന് സാധിക്കുമെന്ന പ്രവചനം നിലനില്‍ക്കുന്നുണ്ട്.
വൈറ്റ് ഹൗസില്‍ രണ്ടാമൂഴം അല്ലാതെ മറ്റൊന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന് മുന്നിലില്ല. കമല ഹാരിസാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മൈക്ക് പെന്‍സാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
ഇലക്ടറല്‍ കോളേജിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. സര്‍വേ ഫലങ്ങള്‍ പലതും ബൈഡന് മേല്‍ക്കൈ പ്രവചിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. ഔദ്യോഗികമായ തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണെങ്കിലും ഏര്‍ളി വോട്ടിങ് സംവിധാനം ഉപയോഗിച്ച് ഇതിനോടകം പത്തുകോടി അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.