X

പാകിസ്താനുള്ള സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനുള്ള സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പാകിസ്താന് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന 300 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ സഹായമാണ് അമേരിക്കന്‍ സൈന്യം റദ്ദാക്കിയത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ നീക്കം കൂടുതല്‍ വഷളാക്കും. സഖ്യക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്.
അഫ്ഗാനിസ്താനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നത് പാകിസ്താന്‍ ആണെന്നായിരുന്നു അമേരിക്കന്‍ വാദം. വിഘടനവാദവും ഭീകര പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ പാകിസ്താന്‍ നടപടി എടുക്കുന്നതുവരെ സഹായം നല്‍കേണ്ടൈന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് നിര്‍ദേശം നല്‍കി.
നിലപാട് മാറ്റിയാല്‍ സഹായം പുനസ്ഥാപിക്കാമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്താന് നല്‍കിയത്. ഇതില്‍ 99 കോടിയും സി.എസ്.എഫ് ഫണ്ടാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും ഇസ്‌ലാമാബാദിലേക്ക് പോകാനിരിക്കെയാണ് സൈന്യം സഹായം നിര്‍ത്തിയത്.

chandrika: