കേരള ബാങ്ക് രൂപീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടകവിരുദ്ധമാണെന്ന് വിദഗ്ധര്‍. 1969 ലെ സഹകരണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ, 74 എച്ച് ഭേദഗതികള്‍ 1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടക വിരുദ്ധമാണെന്ന് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം. ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ യു.ഡി.എഫ് സഹകാരികള്‍ക്ക് വേണ്ടി ഹാജരാവുന്നത് അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടമാണ്.
ബാങ്കിങ് റഗുലേഷന്‍ ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ 74 എച്ച് ഭേദഗതികള്‍ ഈ വ്യവസ്ഥക്ക് എതിരാണ്. 2021 ഏപ്രിലിലെ ആര്‍.ബി.ഐ യുടെ സഹകരണ ബാങ്കുകള്‍ക്കുള്ള നിര്‍ദേശത്തില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിന് പ്രാഥമിക, അന്തിമാനുമതികള്‍ വേണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണമെന്നും പ്രാഥമികാനുമതിക്കായി ബാങ്കുകള്‍ തമ്മില്‍ എം.ഒ.യു ഒപ്പുവെച്ച് നബാര്‍ഡ് പരിശോധനയും ശിപാര്‍ശയും സഹിതം ആര്‍.ബി.ഐയെ സമീപക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവുമുണ്ട്. നിലവില്‍ കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യസ്ഥകള്‍ പാലിക്കാതെയാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്കുണ്ടാക്കിയത്. ഇതു കൂടാതെയാണ് സ്വതന്ത്രമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച മലപ്പുറം ജില്ലാ ബാങ്കിനെയും ലയിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം ആര്‍.ബി.ഐക്കാണെന്നിരിക്കെ ആര്‍.ബി.ഐ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ നടപ്പാക്കുന്ന ലയനത്തിന് അന്തിമാനുമതി ലഭിക്കുക സംശയകരമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 19 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാറിന് പ്രാഥമികാനുമതി നല്‍കിയിരുന്നത്. ഇതില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് 13 ലൈസന്‍സുകളും സറണ്ടര്‍ ചെയ്യുന്ന നടപടികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. സോഫ്ട്‌വെയര്‍ ഏകീകരണമടക്കം ആര്‍. ബി.ഐ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ലയന ശേഷവം 714 കോടി സഞ്ചിത നഷ്ടത്തിലാണ് കേരള ബാങ്ക്. നിഷ്‌ക്രിയ ആസ്തി ആര്‍. ബി.ഐ മാനദണ്ഡത്തിന്റെ ഇരട്ടിയിലധികവുമാണ്. നിലവില്‍ നടത്തിയ ലയനത്തിന് പോലും അന്തിമാനുമതി ലഭിക്കുമോയെന്ന ആശങ്കക്കിടെയാണ് മലപ്പുറം ജില്ലാ ബാങ്കിനെക്കൂടി നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് 4200 കോടി നിക്ഷേപം. 3500 കോടി വായ്പയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.82 കോടി ലാഭത്തിലുള്ള മലപ്പുറം ജില്ലാ ബാങ്കിനെ 714 കോടി സഞ്ചിത നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കുന്നത് എം.ഡി.സി ബാങ്കിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുക മാത്രമാണ് ചെയ്യുക.