X

ആംബുലന്‍സുകള്‍ക്ക് വിദഗ്ധ ചികിത്സ വേണം-എഡിറ്റോറിയല്‍

സംസ്ഥാന ഭരണകൂടത്തിന്റെ അനാസ്ഥയില്‍ കേരളത്തിന്റെ ആരോഗ്യരംഗം തുരുമ്പു പിടിച്ചു തുടങ്ങിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ് കഴിഞ്ഞദിവസം കോഴിക്കോട് കണ്ടത്. സ്‌കൂട്ടര്‍ അപകടത്തില്‍ സാരമായി പരിക്കറ്റ കോയമോന്‍ എന്ന 66 കാരനെ ഗവ. ബീച്ച് ആശുപത്രിയില്‍നിന്ന് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ബീച്ച് ആശുപത്രിയുടെ ആംബുലന്‍സ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും വിഫലമായി. ഏറെ നേരം പണിപ്പെട്ടിട്ടും തുറക്കാതെ കിടന്ന വാതില്‍ മഴു കൊണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. അത്രയും സമയം ആംബുലന്‍സില്‍ കിടന്ന കോയമോന്‍ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. കാലഹരണപ്പെട്ട് പൊളി മാര്‍ക്കറ്റിലേക്ക് എടുക്കാറായ ആംബുലന്‍സിന് യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് പരാതിപ്പെടുന്നത് സര്‍ക്കാര്‍ സംവിധാങ്ങളുടെ അലംഭാവത്തെക്കുറിച്ച് അറിയുന്നവരെല്ലാം അതിശയോക്തിപരമെന്ന് പറഞ്ഞേക്കും. അത്ര തന്നെ വേണ്ട. അല്‍പം ഓയില്‍ പുരട്ടാനുള്ള മനസ്സുപോലും അധികൃതര്‍ക്ക് ഉണ്ടായില്ലെന്നതാണ് ഏറെ ദു:ഖകരം.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കേസെടുത്ത സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് ഏറെ വിചിത്രമാണ്. ആംബുലന്‍സില്‍ രോഗിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അശ്രദ്ധയാണ് വാതില്‍ തുറക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് കോഴിക്കോട് ഡി.എം.ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ഇത്രയും കാലം ആംബുലന്‍സിന്റെ മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയും അത്യാസന്ന നിലയിലുള്ള രോഗിയെ സഹായിക്കാനെത്തിയ സുഹൃത്തിനെ പ്രതിക്കൂട്ടിലുമാക്കിയുള്ള റിപ്പോര്‍ട്ട്് ആരോഗ്യമേഖലയില്‍ പടര്‍ന്നുകയറുന്ന തുരുമ്പിന്റെ തീവ്രതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രോഗിയെ പുറത്തെത്തിക്കാനുള്ള വെപ്രാളത്തില്‍ സുഹൃത്ത് അകത്തുനിന്ന് തള്ളിയതുകൊണ്ടാണ് വാതില്‍ കുടുങ്ങിയതെന്ന ന്യായം വിശ്വസിക്കാന്‍ ചിലപ്പോള്‍ ആരോഗ്യ മന്ത്രിയെ കിട്ടുമെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ പൊതുജനത്തിന് അല്‍പം പ്രയാസമുണ്ട്. മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിക്കാതെ സ്വന്തം തെറ്റ് സമ്മതിക്കാനുള്ള സന്മനസ്സെങ്കിലം അധികൃതര്‍ കാണിക്കണം.

എം.കെ രാഘവന്‍ എം.പിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സ് ഇതുവരെയും ബീച്ച് ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നാണ് ഇതോടൊപ്പം പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത. ഒന്നര വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലില്‍ ചുരുട്ടിക്കെട്ടി ചുറ്റിക്കറങ്ങുകയാണത്രെ ആ ആംബുലന്‍സ്! സാധാരണഗതിയല്‍ രണ്ട് മാസം കൊണ്ട് ആശുപത്രിയില്‍ എത്തിക്കാവുന്ന വാഹനത്തിന് മുന്നോട്ടുപോകാന്‍ വഴികൊടുക്കാത്തതിന് ഉത്തരവാദി ഉദ്യോഗസ്ഥര്‍ തന്നയല്ലേ? ആരും ചോദിക്കാനും പറയാനുമില്ലെന്ന തോന്നലില്‍ പതിവ് രീതിയില്‍ ഫയലുകള്‍ വെച്ചു താമസിപ്പിക്കാറുള്ള സര്‍ക്കാര്‍ മുറ തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആംബുലന്‍സ് എത്താത്തതിന്റെ കുറ്റവും ഏതെങ്കിലും പാവത്തിന്റെ തലയില്‍ കെട്ടിവെക്കാനാവുമോ എന്നായിരിക്കും അധികൃതരുടെ ആലോചന.

സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് അടിയന്തര ചികിത്സയും നിരീക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കുകൂടി സംഭവം വിരല്‍ചൂണ്ടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ആംബുലന്‍സുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും സന്നദ്ധ സംഘങ്ങളുടെയും ആംബുലന്‍സുകളെയാണ് ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത്. പരിക്കേറ്റും അത്യാസന്ന നിലയിലായും പ്രയാസപ്പെടുന്നവരെ കൊണ്ടുപോകാനുള്ള വാഹനമാണ് ഇതെന്നിരിക്കെ ഒരു രോഗിക്ക് അത്യാവശ്യം വേണ്ട സജ്ജീകരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രിയില്‍ പെട്ടെന്ന് ഓടിയെത്തേണ്ട വാഹനം പോലും സുരക്ഷിതമല്ലാതാകുന്നത് ഏറെ ആശങ്കാജനമകാണ്.

ആംബുലന്‍സുകള്‍ അപകടത്തില്‍ പെടുന്നതും രോഗി മരിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴും വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിലും ഓടിക്കുന്നവരുടെ പ്രാവീണ്യം എത്രയുണ്ടെന്ന് പരിശോധിക്കുന്നതിലുമുള്ള വീഴ്ചയാണ് അതിനൊക്കെയും കാരണം. കേരളത്തിലുടനീളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ ഇല്ലെന്ന് മാത്രമല്ല, കാലപ്പഴക്കം ഏറെയുള്ളവയുമാണ് രോഗികളെയും കൊണ്ട് ഓടുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക ബ്ലോക്കുകള്‍ ആംബുലന്‍സുകള്‍ക്കുവേണ്ടിയെങ്കിലും മാറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ ആംബുലന്‍സുകള്‍ക്കുമേല്‍ ചെറിയൊരു കണ്ണ് ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്ന് വേണമെന്ന് അറിയിക്കുന്നു.

Test User: