നിയമലംഘനം നടത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിയാക്കിയതിനെതിരെ ആംബുലന്‍സ് ഡ്രൈവറും സംഘടനയും നിയമ നടപടിക്ക്. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എഫ്‌ഐആറിന്റെ കോപ്പി ആവശ്യപ്പെട്ട് അഭിഭാഷകന്‍ പൊലീസിനെ സമീപിച്ചു.
പിന്തുണയുമായി ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നീ ആംബുലന്‍സ് സംഘടനകളും രംഗത്തുണ്ട്. പൊലീസ് പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് തകര്‍ത്തതിനു പുറമേ ഡ്രൈവറിനും രോഗിക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു.
പൊലീസ് ഡ്രൈവര്‍ക്കു പുറമേ ആംബുലന്‍സ് ഡ്രൈവറെയും പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കാതിരിക്കാനാണു നടപടിയെന്നു നിയമ വിദഗ്ധര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരെ എടുത്ത കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. കോടതി എഫ്‌ഐആര്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് ആശങ്ക. ഇതെത്തുടര്‍ന്ന് തുടര്‍നടപടികളും മന്ദഗതിയിലാണ്.
കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ വിശദമായി രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. ഇന്നലെയാണ് സ്ഥലത്തെത്തി മഹസര്‍ തയാറാക്കിയത്. ഇതിനിടെ സാക്ഷികളെയും കേസുമായി ബന്ധപ്പെട്ടവരെയും സ്വാധീനിക്കാന്‍ പൊലീസ് സഹായത്തോടെ ചില രാഷ്ട്രീയ ഇടപെടലുകള്‍ ആരംഭിച്ചതായാണ് വിവരം.
ആംബുലന്‍സ് ഡ്രൈവര്‍ നിതിനു നീതി ഉറപ്പാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംസ്ഥാന പ്രസിഡന്റ് ഫിറോസ് എടപ്പാള്‍ പറഞ്ഞു. നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ജോസും പറഞ്ഞു.