X

ആംബുലന്‍സില്‍ കൊണ്ടുപോവാനാവില്ല; മൃതദേഹം സൈക്കിളില്‍ കെട്ടിക്കൊണ്ട് പോവേണ്ടി വന്നത് ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

ദിസ്പൂര്‍: മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോവാനാവാതെ മൃതദേഹം സൈക്കിളില്‍ വഹിച്ച് കൊണ്ടുപോവുന്ന വീഡിയോ ശ്രദ്ധേയമാവുന്നു. സംഭവം നടന്നതാവട്ടെ അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍.

സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി പോവുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കളഹന്ദിയില്‍ ദനാ മാജിക്ക് നേരിട്ടതിന് സമാനമായ ദുരവസ്ഥയാണ് വീഡിയോ പങ്കുവെക്കുന്നത്.
സ്വന്തം ഗ്രാമമായ ലൂയിത് ഖബാലുവിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാര്‍ഗം ഒരു മുളംപാലമാണെന്ന് കൂടി അറിയുമ്പോഴാണ് ദുരവസ്ഥയുടെ ആഴം മനസ്സിലാവുന്നത്. കോണ്‍ക്രീറ്റ് പാലങ്ങളില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മൃതദേഹം വീട്ടിലെത്തിക്കാന്‍ കഴിയാനാവില്ലെന്ന് വന്നതോടെ സൈക്കിളില്‍ കെട്ടിക്കൊണ്ട് പോരുകയായിരുന്നു എന്ന് യുവാവ് പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വളരെ പരിതാപകരമായ അവസ്ഥ തുടരുമ്പോഴും സംസ്ഥാനത്തെ ആദ്യ വൈഫൈ ജില്ലയായി മാജുളിയെ പ്രഖ്യാപിക്കാനുള്ളി ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് കൂടി അറിയുക. വലിയ വികസന വാഗ്ദാനങ്ങള്‍ നല്‍കിയ ബിജെപിയുടെ പൊള്ളത്തരമാണ് ഈ വാര്‍ത്തയോടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

”ഒരു വര്‍ഷത്തോളമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. വികസനമായിരുന്നു വാഗ്ദാനം. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല്. എല്ലാം ്കാപട്യമായിരുന്നു. നഗരങ്ങളല്ല ഞങ്ങള്‍ക്ക് വേണ്ടത്. മാജുളിയില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ റോഡുകളും വിദ്യാഭ്യാസ സംവിധാനവും തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്്.”- മാജുളി സ്വദേശി പറഞ്ഞു. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

chandrika: