മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അശ്രദ്ധമായി ഓടിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാറില്‍ ഇടിച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് കേസുകളൊഴിവാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതായി പരാതി. ബുധനാഴച പുലര്‍ച്ചെയാണ് താമരക്കുളം മേക്കുംമുറി പാറയില്‍ പുത്തന്‍വീട്ടില്‍ പരേതനായ പരീത് റാവുത്തറുടെ ഭാര്യ എഴുപത്തഞ്ചുകാരിയായ ഉമൈബാന്‍ ബീവിയെ മാവേലിക്കരയിലെ സ്വകാര്യ ആസ്പത്രയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചത്. സ്നേഹതീരം ഗ്രൂപിന്റെ ആംബുലന്‍സില്‍ രോഗിയെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനിടെ ദേശീയപാതയില്‍ തോട്ടപ്പളളിക്കു സമീപം വെച്ച് പുലര്‍ച്ചെ 1.40നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമായി വരികയായിരുന്ന കാറിന്റെ പിന്നില്‍ അമിതവേഗതയിലെത്തിയ ആംബുലന്‍സ് ഇടിച്ചു. പാതയില്‍ കനത്തമഴയെ തുടര്‍ന്ന് ഗതാഗതതടസ്സമുണ്ടായിരുന്നു. നിയന്ത്രിത വേഗതയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി സാവകാശം കടന്നുപോകുന്നതിനിടെയായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ പരാക്രമം. ആംബുലന്‍സ് ഇടിച്ചിട്ട കാര്‍ തൊട്ടുമുന്നിലുള്ള ട്രക്കിന്റെ പിന്‍ഭാഗത്തേക്കു കയറി. ഇതിന്റെ അടയാളങ്ങള്‍ കാറിലും ട്രക്കിലും കാണാം. അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാറില്‍ യാത്ര ചെയ്തിരുന്ന ഗൃഹനാഥന്‍ കുട്ടികളെയും സ്ത്രീകളെയും സുരക്ഷിതരാക്കാനുള്ള തത്രപ്പാടിലായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ കാര്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല. വാഹനത്തിലെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമവുമുണ്ടായില്ല. ആംബുലന്‍സില്‍ നെഴ്സുണ്ടായിട്ടും ഇതിനു യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല. ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗൃഹനാഥനായ റമീസ് എത്രയും പെട്ടെന്ന് ആംബുലന്‍സിലെ രോഗിയെ ആസ്പത്രിയിലെത്തിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഈ ആംബുലന്‍സ് ഇനി ഓടില്ലെന്നും മറ്റൊന്ന് സംഘടിപ്പിക്കണമെന്നുമായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത്. സംഭവം നടന്നയുടനെ റമീസ് പൊലീസിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. ഇതിനിടെ വണ്ടാനത്തു നിന്നു മറ്റൊരു ആംബുലന്‍സെത്തിച്ച് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുങ്ങി. ആംബുലന്‍സ് ഡ്രൈവര്‍ റമീസിനോടും കുടുംബത്തോടും തട്ടിക്കയറുകയും സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച റമീസിന്റെ ഭാര്യയുടെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമവും നടത്തി.
ആസ്പത്രിയിലെത്തിച്ച രോഗിയെ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുന്നതിനിടെ അവര്‍ മരിച്ചു. ഡ്രൈവര്‍ തന്റെ അശ്രദ്ധയിലുണ്ടായ അപകടത്തില്‍ നിന്നു തടിയൂരാന്‍ പിന്നീട് വ്യാജവാര്‍ത്തകളുണ്ടാക്കുന്നതാണ് പൊലീസും കാറില്‍ യാത്രചെയ്തവരും നാട്ടുകാരും പിന്നീട് കണ്ടത്. ആംബുലന്‍സ് ജീവനക്കാരെ കാര്‍ യാത്രക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഹാഷിമിന്റെ കെട്ടിച്ചമച്ച വാര്‍ത്ത. കൊച്ചുകുട്ടികള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പെട്ടാല്‍ കയ്യേറ്റത്തിനു ശ്രമിക്കാനാണോ വാഹനത്തിലുളള മാതാപിതാക്കള്‍ ശ്രമിക്കുക. സാമാന്യയുക്തിക്കു നിരക്കാത്ത വാദങ്ങളുമായി കാര്‍ യാത്രക്കാര്‍ക്കും പൊലീസിനും മേല്‍ കുറ്റംചുമത്താനാണ് ഡ്രൈവര്‍ ഹാഷിം ശ്രമിക്കുന്നത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടുകാരുടെയും കാര്‍ യാത്രക്കാരുടെയും മൊഴികളനുസരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തു. ഇതോടെ പ്രതിസന്ധിയിലായ ഡ്രൈവര്‍ രക്ഷപ്പെടാന്‍ കള്ളക്കഥകള്‍ സൃഷ്ടിക്കുകയും പൊലീസിനും കുടുംബത്തിനും മേല്‍ പഴിചാരി ഉമൈബാന്റെ ചികിത്സ വൈകിയെന്നാരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനു സ്ത്രീസുരക്ഷാ നിയമപ്രകാരവും അപകടത്തില്‍പെട്ട പിഞ്ചുകുഞ്ഞുങ്ങളെ അപായപ്പെടുത്തുന്ന വിധം പെരുമാറിയതിനു കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍ പ്രകാരവും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ് നല്‍കുമെന്ന് കാര്‍ യാത്രക്കാരനായ റമീസ് പത്രമാധ്യമങ്ങളെ അറിയിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ മുമ്പും ഇത്തരം അപകടങ്ങള്‍ വരുത്തിയതായി നാട്ടുകാര്‍ പറയുന്നു. ദേശീയപാതയില്‍ ആംബുലന്‍സുകളുടെ കൊലവിളി സഞ്ചാരം ഏറെ അപകടങ്ങള്‍ വരുത്തിവെക്കുന്നതായും ഒരു ജീവന്‍ രക്ഷിക്കാന്‍ മറ്റനേകം ജീവനുകളെ കുരുതികൊടുക്കുന്നതില്‍ യാതൊരു മനസ്സങ്കോചവുമില്ലാതെയാണ് ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പെരുമാറുന്നതെന്ന് വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പൊലീസ് പറയുന്നു.