X

അംബേദ്കറിന്റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ പാണക്കാട്ട്

 

മലപ്പുറം: നിയമജ്ഞനും രാഷ്ട്രീയ , സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ശനിയാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന ‘ദലിത് മുസ്ലിം സാഹോദര്യം’ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. പികെ കുഞ്ഞാലിക്കുട്ടി എംപി, പിവി അബ്ദുല്‍ വഹാബ് എംപി, കെപിഎ മജീദ്, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ ഭരിപാ ബഹുജന്‍ മഹാസംഘ് ദേശീയ അധ്യക്ഷനാണ്.

പിറ്റ്‌സ(Platform for Innovative Thoughts and Social Action) മലപ്പുറത്തു സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് പ്രകാശ് അംബേദ്കര്‍ ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്ഹാളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ രാഷ്ട്രീയ, അക്കാദമിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്നു(ശനി) രാവിലെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനാവും. കെ.കെ കോച്ച്, കെ. കുട്ടി അഹമ്മദ് കുട്ടി, ശ്രീരാഗ് പൊയ്ക്കാടന്‍, ആശിഖ് റസൂല്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ പത്തു മണിക്ക് ‘സാഹിത്യം,സംസ്‌കാരം, ആത്മീയത, ഫെമിനിസം’ സെഷന്‍ ആരംഭിക്കും. എം ടി അന്‍സാരി, ഡോ.ഒ.കെ രേഖാ രാജ്, കെ അബൂബക്കര്‍ . ഡോ. ഒ.കെ സന്തോഷ്, നാരായണന്‍ എം ശങ്കര്‍, അനില്‍ ടി. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന ദലിത് മുസ്ലിം ഐക്യത്തിന്റെ രാഷ്ട്രീയമാനം സെഷനില്‍ സണ്ണി എം കപിക്കാട്, കെകെ ബാബുരാജ്, അഡ്വ ബിനോയ് ജോസഫ്, ഡോ.പി.കെ പോക്കര്‍, മുഹ്‌സിന അശ്‌റഫ്, പി.എ റഷീദ്, ഷിബി പീറ്റര്‍ സംബന്ധക്കും. ഡോ. കെ.എസ് മാധവന്‍ അദ്ധ്യക്ഷനാവും. പരിപാടിയോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും പുസ്തക ശാലയും സംഘടിപ്പിക്കും.

chandrika: