ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ പണി പൂര്‍ത്തിയായ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ദളിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ബലമായി തുറന്നു. അഹ്മദാബാദ് – മുംബൈ ദേശീയ പാതയില്‍ നര്‍മദ നദിക്കു മീതെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. ദേശീയ പാത 8-ലെ തിരക്കു കുറക്കാനുദ്ദേശിച്ചുള്ള പാലത്തിന്റെ ജോലി 2016 ഓഗസ്റ്റില്‍ തീരേണ്ടതായിരുന്നു. ഗുജറാത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന മോദി വിരുദ്ധ, ബി.ജെ.പി വിരുദ്ധ തരംഗത്തിന്റെ പ്രതിഫലനമാണ് മോദിയെ കാത്തിരിക്കാതെ ബലം പ്രയോഗിച്ചുള്ള ‘ഉദ്ഘാടന’മെന്ന് കരുതപ്പെടുന്നു.
നാല് കേബിള്‍ സ്റ്റേകളിലായി സ്ഥാപിച്ചിരിക്കുന്ന പാലത്തിന് 1344 മീറ്റര്‍ നീളവും 22.8 മീറ്റര്‍ വീതിയുമാണുള്ളത്. ദേശീയ പാതാ അതോറ്റി (എന്‍.എച്ച്.എ.ഐ)ക്കു വേണ്ടി 379 കോടി രൂപ ചെലവഴിച്ച് ലാര്‍സന്‍ ആന്റ് ടര്‍ബോ ആണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. കനഡയിലെ
വാന്‍കൂവറിലുള്ള ഗോള്‍ഡന്‍ ഇയേഴ്‌സ് ബ്രിഡ്ജിന്റെ മാതൃകയിലുള്ള പാലം രാജ്യത്തെ നാലാമത്തെ മാത്രം ‘എക്‌സ്ട്രാ ഡോസഡ് ബ്രിഡ്ജ്’ ആണ്.
നേരത്തെ എച്ച്.സി.സി കമ്പനിയാണ് പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരുന്നത്. നിര്‍മാണം വിചാരിച്ച വേഗതയില്‍ നടക്കാതിരുന്നതോടെ 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എല്‍ & ടിയെ ഏല്‍പ്പിക്കുകയായിരുന്നു. 2016 സെപ്തംബറില്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിരുന്നു.
പാലം പണി പൂര്‍ത്തിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡേറ്റ് ലഭിക്കാത്തതിനാല്‍ ഉദ്ഘാടനം വൈകുകയായിരുന്നു. ഇതേതുടര്‍ന്നാണ് അംബേദ്കര്‍ സംഘര്‍ഷ് സമിതി നാട്ടുകാരുടെ പിന്തുണയോടെ പാലം ബലമായി തുറന്നത്. അംബേദ്കറിന്റെ ചിത്രങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയ പ്രവര്‍ത്തകര്‍ അധികൃതരുടെ തടസ്സം മറികടന്നാണ് പാലത്തില്‍ പ്രവേശിച്ചത്.