ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്ക്കര്‍ പുറത്ത്; പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത് ബി.ജെ.പി. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത ബി.ജെ.പി മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി മാര്‍ലേന പറഞ്ഞു. ബി.ജെ.പിയുടെ ദളിത്‌സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അതിഷി പറഞ്ഞു.

മോദി അംബേദ്ക്കറിനേക്കാള്‍ വലിയ ആളാണെന്നാണോ ബി.ജെ.പി കരുതുന്നതെന്നും അതിഷി ചോദിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ സമയത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംബേദ്ക്കറിന്റെ ചിത്രം സ്ഥാപിച്ചിരുന്നതായും അതിഷി ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ അംബേദ്ക്കറുടെ ചിത്രമുള്ള മുഖ്യമന്ത്രിയുടെ ഓഫീസും ശേഷമുള്ള ഓഫീസിന്റെ ചിത്രവും അതിഷി പങ്കുവെച്ചിട്ടുണ്ട്.

ബി.ജെ.പി ദശലക്ഷക്കണക്കിന് അംബേദ്ക്കര്‍ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിങ്ങള്‍ക്ക് വേണമെങ്കില്‍ മോദിയുടെ ചിത്രം വെക്കാം, എന്നാല്‍ അതിന് അംബേദ്ക്കറുടെ ചിത്രം മാറ്റുന്നത് എന്തിനാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.എന്നാല്‍ ആം ആദ്മിക്കെതിരെ മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്തെത്തി. അംബേദ്ക്കറെയും ഭഗത് സിങ്ങിനെയും മുന്‍നിര്‍ത്തി ആം ആദ്മി അവര്‍ നടത്തിയ അഴിമതികള്‍ ഒളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് രേഖ ഗുപ്ത പറഞ്ഞു.

തനിക്ക് എ.എ.പിയോട് മറുപടി പറയേണ്ടതില്ലെന്നും ജനത്തെ ബോധിപ്പിച്ചാല്‍ മതി, ഭഗത് സിങ്ങും അംബേദ്ക്കറും നമ്മുടെ വഴിക്കാട്ടിയാണെന്നും രേഖ ഗുപ്ത പറഞ്ഞു. എ.എ.പി നടത്തുന്നത് നാടകമാണെന്ന് പറഞ്ഞ് ബി.ജെ.പിയുടെ മറ്റ് എം.എല്‍.എമാരും മാധ്യമങ്ങളോട് പ്രതികരിച്ചു.

webdesk13:
whatsapp
line