X

അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ദളിതര്‍

ലക്‌നൗ: അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍. ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ദളിതര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ശോഭാപൂര്‍ ഗ്രാമവാസികളുടെ പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് പ്രദേശവാസികളായ ദളിതര്‍ ഈ പ്രഖ്യാപനം നടത്തിയത്.

പൊലീസ് നിയമവിരുദ്ധമായി കള്ളക്കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ദളിതര്‍ പറഞ്ഞു. ‘ഞങ്ങള്‍ പറയുന്നതും ഞങ്ങളുടെ പ്രശ്‌നങ്ങളും ഭരണകൂടത്തില്‍ നിന്നുള്ള ആരും കേള്‍ക്കുന്നില്ല. ഞങ്ങളുടെ യുവാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ്. അതുകൊണ്ടുതന്നെ നാടുവിട്ടവര്‍ തിരിച്ചുവരാന്‍ ഭയക്കുകയാണ്. ഞങ്ങള്‍ ഹിന്ദുക്കളല്ല, അല്ലെങ്കില്‍ ഒരേ അവകാശമുളള പൗരന്മാരല്ല എന്നതുപോലെയാണ് പെരുമാറ്റമെന്നും യോഗത്തില്‍ ദളിതര്‍ പറഞ്ഞു.

ഒരു ഡസനിലേറെ ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പൊലീസിന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് മതംമാറ്റമെന്ന് ദളിതര്‍ വ്യക്തമാക്കി. ബാബ സാഹിബ് അംബേദ്കറുടെ ജന്മവാര്‍ഷികമായ ഏപ്രില്‍ 14ന് ഞങ്ങള്‍ ഹിന്ദുയിസം ഉപേക്ഷിച്ച് ഇസ്‌ലാം മതത്തിലേക്ക് മാറും. വരുംദിവസങ്ങളില്‍ കൂടുതല്‍ ദളിതര്‍ ഞങ്ങള്‍ക്കൊപ്പം വരുമെന്നും അവര്‍ പറയുന്നു.

ഏപ്രില്‍ രണ്ടിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ദളിതര്‍ക്കെതിരെ കേസെടുത്തത്. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചു, പൊലീസ് പോസ്റ്റ് ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യു.പി പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രദേശവാസികളായ ദളിതര്‍ നാടുവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ചു.

chandrika: