X

അംബേദ്കര്‍ ചിത്രങ്ങള്‍ കോടതികളില്‍ തുടരും; നിലപാട് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍  അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ ഛായാചിത്രങ്ങള്‍ തമിഴ്നാട്ടിലെ കോടതികളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് നിയമമന്ത്രി എസ്.രഘുപതി. കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തില്‍ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്.

നിയമമന്ത്രി എസ്.രഘുപതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാര്‍ ഗംഗാപൂര്‍വാലയുമായി ചര്‍ച്ച നടത്തിയിരുന്നു. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന തമിഴ്നാട് സര്‍ക്കാറിന്റെ നിലപാട് നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഒരു നേതാവിന്റെയും ഛായാചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടിട്ടില്ലെന്നും തല്‍സ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായി എസ്.രഘുപതി വ്യക്തമാക്കി.

കോടതികളില്‍ അംബേദ്കറുടെയും മറ്റു ചില ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ വെക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിജ്ഞാപനം. കോടതിയില്‍ ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും പ്രതിമയും ചിത്രവും മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഏപ്രിലില്‍ ചേര്‍ന്ന ഹൈക്കോടതി ഫുള്‍കോര്‍ട്ട് ഈ തീരുമാനം ശരിവെച്ചു. ഇതിനെതിരെയാണ് അഭിഭാഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

webdesk13: