ഇന്ത്യയുടെ ഭരണഘടന ശില്‍പി ഡോ.ബിആര്‍ അംബേദ്കറുടെ 132ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്റ്റാലിന്റെ പ്രശംസ ട്വിറ്ററിലൂടെയായിരുന്നു.
അംബേദ്ക്കറുടെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ 125 അടി വെങ്കല പ്രതിമ സമര്‍പ്പിച്ച തെലങ്കാന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ബുദ്ധ പ്രതിമക്കും തെലങ്കാന സെക്രട്ടേറിയേറ്റനും ഇടയില്‍ സമത്വത്തിന്റെ വലിയ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ ഉചിതവും മഹത്തരവുമാണ് എന്നിങ്ങനെയാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമയാണ് ഇന്നലെ ഹൈദരാബാദില്‍ അനാച്ഛാദനം ചെയ്തത്. 35,000ത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ അംബേദ്കറുടെ പുത്രന്‍ പ്രകാശ് അംബേദ്കര്‍ മുഖ്യതിഥിയായി. 45.5 അടി വീതിയും 474 ടണ്‍ ഭാരമുള്ള പ്രതിമ 360 ടണ്‍ ഉരുക്കും 114 ടണ്‍ വെങ്കലവുമുപയോഗിച്ചാണ് നിര്‍മിച്ചത്. 146.5 കോടി രൂപയാണ് നിര്‍മാണ ചിലവ്. സൂതര്‍ ആര്‍ട്ട് ക്രിയേഷന്‍സ് ആണ് പ്രതിമ ഒരുക്കിയത്.