X

അമ്പാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക്; ക്യാപ്റ്റനായി തന്നെ

ഹൈദരാബാദ്: തിരിച്ചുവരവില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിന് നായക സ്ഥാനം. വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനുള്ള ഹൈദരാബാദ് ടീമിന്റെ നായകനായാണ് റായുഡുവിന്റെ മടങ്ങിവരവ്. ഈ മാസം അവസാനമാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതായതോടെ വിരമിക്കല്‍ പ്രഖ്യാപിച്ച റായുഡു കഴിഞ്ഞ മാസമാണ് മടങ്ങിവരവ് പ്രഖ്യാപിച്ചത്.

അക്ഷത് റെഡിക്ക് പകരമാണ് റായുഡുവിനെ നായകനാക്കിയത്. ബി സന്ദീപാണ് ടീം ഉപനായകന്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാന്റ് ബൈ താരമായിരുന്നു അമ്പാട്ടി റായുഡു. എന്നാല്‍ വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് സെലക്ട് ചെയ്തു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. മൂന്ന് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്.

web desk 1: