അശ്റഫ് തൂണേരി
ദോഹ:ഗള്‍ഫ് ഉപരോധം കാരണം പ്രവര്‍ത്തനം താത്കാലികമായി നിലച്ച യു.എ. ഇ, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ പകുതിയോടെ ദോഹയിലും അബൂദാബിയിലും അംബാസഡര്‍മാര്‍ ചുമതലയേല്‍ക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികളെ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നയതന്ത്ര ബന്ധങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി എംബസികള്‍ വീണ്ടും തുറക്കും. ഇരു രാജ്യങ്ങളും അതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നു,” റോയിട്ടേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി യു.എ.ഇ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോടെ പുതിയ അംബാസഡര്‍മാരെ ഉള്‍പ്പെടുത്തി എംബസികള്‍ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരു പ്രതിനിധി അറിയിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ നയതന്ത്ര ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ആകുമെന്നാണ് ഇരു രാജ്യക്കാരും പ്രതീക്ഷിക്കുന്നത്.
ഗള്‍ഫില്‍ അസ്ഥിരതയുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്നു പരസ്പരം ആരോപിക്കുകയും, യെമനിലെ യുദ്ധത്തിന് ആക്കംകൂട്ടുകയും ചെയ്ത ഇറാനും സൗദിയും വര്‍ഷങ്ങളുടെ ശത്രുതയ്ക്ക് ശേഷം ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചത് മേഖലയിലെ മറ്റൊരു രാഷ്ട്രീയ മുന്നേറ്റമായി വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഇറാനും സൗദി അറേബ്യയും തമ്മില്‍ അനുരഞ്ജനത്തിനുള്ള നീക്കങ്ങള്‍ അറബ് ലോകത്ത് സമാധാനവും ഐക്യവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണെന്നും വിശാലമായ ഈ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ യു.എ.ഇയും ഖത്തറും വീണ്ടും എംബസികള്‍ തുറക്കുകയും ബഹ്റൈന്‍ ഖത്തര്‍ നയതന്ത്ര പുന:സ്ഥാപനം തീരുമാനിക്കുകയും ചെയ്തത് പുതിയ രാഷ്ട്രീയ ഉണര്‍വ്വുണ്ടാക്കിയെന്ന് നയതന്ത്ര രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. 2017-ല്‍ ഖത്തറിനെതിരായ ഉപരോധത്തില്‍ കലാശിച്ച നയതന്ത്ര ഭിന്നതകളുടെ തുടര്‍ച്ചയായി സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ എംബസികള്‍ അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. 2021ല്‍ സൗദിയില്‍ വെച്ച് അല്‍ഉല കരാറില്‍ ഒപ്പുവെച്ചതോടെ ബന്ധം പഴയനിലയിലേക്ക് തിരിച്ചെത്തിതുടങ്ങി. പിന്നാലെ സൗദിയും ഈജിപ്തും ദോഹയില്‍ വീണ്ടും എംബസി തുറക്കുകയായിരുന്നു.