ലോകത്തെ ഏറ്റവും വലിയ രണ്ടു ടെക്‌നോളജി കമ്പനികളായ ഫെയ്‌സ്ബുക്കിന്റെയും റിലയന്‍സ് ജിയോയുടെയും മേധാവികള്‍ കഴിഞ്ഞ ദിവസം ‘ഫെയ്‌സ്ബുക് ഫ്യുവല്‍’ എന്ന പരിപാടിയില്‍ പരസ്പരം സംസാരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗും മുകേഷ് അംബാനിയും ജിയോയും വാട്‌സാപും ഒത്തു പ്രവര്‍ത്തിക്കുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. വാട്‌സാപ്പിന് ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു. എന്നു പറഞ്ഞാല്‍ ജിയോ ഡിജിറ്റല്‍ കണക്ടിവിറ്റി കൊണ്ടുവരുന്നു. വാട്‌സാപ് പേയിലുടെ സമ്പര്‍ക്കം പുലര്‍ത്തലും സാധ്യമാകുന്നു.
ജിയോ വാട്‌സാപ് പങ്കാളിത്തത്തെക്കുറിച്ചു കൂടാതെ, സക്കര്‍ബര്‍ഗും അംബാനിയും ഫെയ്‌സ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇറക്കിയിരിക്കുന്ന നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 9.99 ശതമാനം ഓഹരിക്കായി ഫെയ്‌സ്ബുക് 5.7 ബില്ല്യന്‍ ഡോളറാണ് നല്‍കിയിരിക്കുന്നത്. അടുത്തതായി തങ്ങള്‍ 60 ദശലക്ഷത്തോളെ വരുന്ന ഏറ്റവും ചെറിയ കടകള്‍ മുതലുള്ള ബിസിനസ് സ്ഥാപനങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം, ജിയോ മാര്‍ട്ടിന് കൂടുതല്‍ പ്രചാരം നല്‍കാനും ഇരു കമ്പനികളും ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ഇരു കമ്പനികളും സഖ്യത്തിലായത് എന്നതിനെക്കുറിച്ചും മേധാവികള്‍ മനസ്സു തുറന്നു. ഫെയ്‌സ്ബുക് ചെറിയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് നടക്കുന്നത്. കാരണം ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടുവരുന്ന കാര്യത്തില്‍ നല്ല റോള്‍ ഉണ്ടായിരിക്കും. അവയ്ക്കു വേണ്ട മികച്ച സജ്ജീകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. അതാണ് തങ്ങള്‍ ജിയോയുമായി സഖ്യത്തിലാകാനുള്ള ഒരു കാര്യം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇന്റര്‍നെറ്റിലെത്തിച്ച കമ്പനിയാണ് ജിയോ. അത് വ്യവസായ സംസ്‌കാരം വളര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.